"ഭരണഘടനയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കും'
1513019
Tuesday, February 11, 2025 4:37 AM IST
നിലമ്പൂർ: ഭരണഘടനയെ ദുർബലപ്പെടുത്താൻ ഇത്രയും വലിയ ശ്രമം ഒരു ഭരണകൂടവും നടത്തിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി എംപി. യുഡിഎഫ് നിലമ്പൂർ മണ്ഡലം ബൂത്തുതല ലീഡേഴ്സ് മീറ്റ് നിലമ്പൂർ ഐശ്വര്യാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് വേണ്ടി മാത്രമല്ല തങ്ങൾ നടത്തുന്ന പോരാട്ടമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. ഭരണഘടനയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുക കൂടിയാണ് ലക്ഷ്യം.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും. നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെ ബൂത്തുതല പ്രവർത്തനം ശക്തമാക്കേണ്ടതുണ്ട്. 35 വർഷത്തെ തെരഞ്ഞെടുപ്പ്പ്രചാരണത്തിനിടയിൽ താൻ ആദ്യമായാണ് മത്സരിച്ചത്.
സോണിയാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമായി അമേഠിയിൽ എത്തിയപ്പോഴാണ് ബൂത്ത്തല പ്രചാരണത്തിന്റെ ശക്തി തിരിച്ചറിഞ്ഞത്. ബൂത്ത്തല കമ്മിറ്റികൾക്ക് താൻ അന്ന് രൂപം നൽകി. വയനാട് ദുരന്തം ദേശീയ ദുരന്തമായി കേന്ദ്ര സർക്കാരിനെകൊണ്ട് പ്രഖ്യാപിക്കാൻ സാധിച്ചത് പാർലമെന്റിന് അകത്തും പുറത്തും നടത്തിയ പോരാട്ടത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ ഫണ്ടുകൾ അനുവദിക്കണം. കാട്ടാന ആക്രമണങ്ങളിൽ മരിച്ച രണ്ട് പേരുടെ വീടുകൾ സന്ദർശിച്ച ശേഷമാണ് താൻ വരുന്നത്. വന്യമൃഗശല്യം പരിഹരിക്കാൻ തന്റെ എല്ലാ പിന്തുണയും ഉണ്ടെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. യുഡിഎഫ് ചെയർമാൻ സി.എച്ച്. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
പി.വി.അബ്ദുൾ വഹാബ് എംപി, എ.പി.അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, യുഡിഎഫ് കൺവീനർ എൻ.എ.കരീം, കെ.ടി.കുഞ്ഞാൻ, ടി.പി.അഷറഫലി, പാലോളി മെഹബൂബ്, എ. ഗോപിനാഥ്, സമീർ പുളിക്കൽ തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.