കുണ്ട്ലാപാടം പാലത്തിന് ഇക്കുറിയും ബജറ്റിൽ നൂറുരൂപ ടോക്കൺ
1513022
Tuesday, February 11, 2025 4:37 AM IST
കാളികാവ്: കുണ്ട്ലാപാടം പ്രദേശത്തുകാർക്ക് വീണ്ടും പ്രതീക്ഷ നൽകികൊണ്ട് കാളികാവ് പഞ്ചായത്തിലെ ചെങ്കോട് ഭാഗത്തേക്ക് തുവ്വൂർ പഞ്ചായത്തിലെ കുണ്ട്ലാംപാടം-നീലാഞ്ചേരി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിനായി സംസ്ഥാന ബജറ്റിൽ നൂറ് രൂപ ടോക്കൺ തുകയായി നീക്കിവച്ചു.
ഏഴുകോടി രൂപയുടെ എസ്റ്റിമേറ്റാണ് പാലത്തിനായി തയാറാക്കിയിരുന്നത്. മുൻ ബജറ്റുകളിലും ഇത്തരത്തിൽ ടോക്കൺ നീക്കിവച്ചിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിരുന്നില്ല.
മണ്ണ് പരിശോധനയും പാറ പരിശോധനയുമുൾപ്പടെ പ്രാഥമിക നടപടികളെല്ലാം നേരത്തേ പൂർത്തിയായിരുന്നതാണ്. പാലത്തിനായി ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെത്തിയിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിലെ അസി. എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയത്തിൽ സമർപ്പിച്ചിട്ടുമുണ്ട്.
ഒരു ഉടമയിൽനിന്നുകൂടി ഭൂമി ഏറ്റെടുക്കാനായാൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയാകും. പാലം യാഥാർഥ്യമായാൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. കാളികാവ്, അടക്കാകുണ്ട്, പുല്ലങ്കോട് എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും ഏറെ ഉപകാരപ്പെടും. നാട്ടുകാർ കമുകും മരങ്ങളുമുപയോഗിച്ച് എല്ലാവർഷവും പുഴയ്ക്കു കുറുകേ നടപ്പാലം നിർമിക്കാറുണ്ടെങ്കിലും കനത്ത മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകാറാണ് പതിവ്.
ആറ് കിലോമീറ്ററിലേറെ ചുറ്റിവളഞ്ഞാണ് കുണ്ട്ലാംപാടത്തുള്ളവർ ഇപ്പോൾ കാളികാവിലെത്തുന്നത്. പാലം യാഥാർഥ്യമായാൽ ഇത് രണ്ടു കിലോമീറ്ററായി ചുരുങ്ങും.
കരുവാരകുണ്ട് പഞ്ചായത്തിലെ പാന്ത്ര വഴി അരിമണലിലൂടെ കാളികാവ് ഭാഗത്തേക്ക് ഒഴുകുന്ന കല്ലമ്പുഴയിൽ ചെങ്കോട് ഭാഗത്ത് പാലം പൂർത്തിയാകുന്നതോടെ കുണ്ട്ലാംപാടം പ്രദേശങ്ങളെ വികസനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുമായി നാട്ടുകാർ കാത്തിരിക്കുകയാണ്.