പാതിവില തട്ടിപ്പ്: ഇടനിലക്കാരന് മുങ്ങി
1513250
Wednesday, February 12, 2025 4:51 AM IST
അന്വേഷണം ശക്തമാക്കി പോലീസ്
നിലമ്പൂര്‍: പാതിവില ഇടപാടില്‍ നിലമ്പൂരില്‍ നടന്നത് കോടികളുടെ തട്ടിപ്പ്. നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഇതിനകം ലഭിച്ചത് 104 പരാതികള്‍. തട്ടിപ്പിന് ചുക്കാന്‍ പിടിച്ച ബിനോയ് പാട്ടത്തിലിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പാതിവില തട്ടിപ്പ് പ്രതി അനന്തുകൃഷ്ണന്റെ നിലമ്പൂരിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഓസ്വാള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ബിനോയ് പാട്ടത്തലിനെതിരേയാണ് തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇതോടെയാണ് അറസ്റ്റ് ഒഴിവാക്കാന്‍ ഇയാള്‍ മുങ്ങിയത്. ഇതുവരെ ലഭിച്ച പരാതികളില്‍ 40 ലക്ഷം രൂപയാണ് ബിനോയ് പാട്ടത്തില്‍ പരാതിക്കാരില്‍ നിന്നായി തട്ടിയെടുത്തത്. പരാതിക്കാരില്‍ നിന്ന് ഇയാള്‍ നേരിട്ടാണ് പണം വാങ്ങിയത്. അതിനാല്‍ നിലമ്പൂരില്‍ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ ബിനോയ് പാട്ടത്തിലാണ് പ്രതി.
പി.വി.അബ്ദുള്‍ വഹാബ് എംപി ചെയര്‍മാനായ ജെഎസ്എസ് 40 ലക്ഷം രൂപയാണ് നല്‍കിയത്. ജെഎസ്എസ് ഡയറക്ടര്‍ ഉമ്മര്‍കോയ അനന്തുകൃഷ്ണനെതിരേ നിലമ്പൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
എംപി ചെയര്‍മാനായ ജെഎസ്എസ് പോലും തട്ടിപ്പില്‍ ഇരയായതും ഈ തട്ടിപ്പിന്റെ മലപ്പുറം ജില്ലയിലെ വ്യാപ്തി വര്‍ധിപ്പിക്കുന്നതാണ്. നിലവില്‍ ബിനോയ് പാട്ടത്തിലിനെതിരേ 104 പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു പരാതിയില്‍ മാത്രമാണ് കേസെടുത്തിട്ടുള്ളത്. പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തില്‍ ഓരോ പരാതികളിലും പോലീസ് കേസെടുത്തേക്കും.
മലപ്പുറം ജില്ലയില്‍ ഡിവൈഎസ്പി പി.എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലമ്പൂരില്‍ തട്ടിപ്പിനിരയായവര്‍ക്ക് മൂന്ന് തരത്തിലാണ് പണം നഷ്ടമായത്. സ്കൂട്ടര്‍ വിലയായ 60,000 രൂപ നല്‍കുന്നതിനൊപ്പം ബിനോയ് പാട്ടത്തിലിന് കമ്മീഷനായി 3000 രൂപയും ബിനോയിയുടെ നേതൃത്വത്തിലുള്ള കാര്‍ഷിക സൊസൈറ്റിക്ക് 2000 രൂപയും അങ്ങനെ 65000 രൂപ. ഓരോ സ്കൂട്ടറും ലാപ്ടോപ്പുകളും ബുക്ക് ചെയ്യുമ്പോള്‍ ബിനോയിയുടെ പോക്കറ്റിലേക്ക് എത്തിയത് കമ്മീഷന് വകയിലും ഷെയര്‍ ഇനത്തിലുമായി 5000 രൂപ വീതം.
പരാതികള്‍ ലഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും ബിനോയിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലമ്പൂര്‍ മേഖലയില്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടുതലാണ്. അതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ പരാതികള്‍ എത്താനാണ് സാധ്യത. തട്ടിപ്പിന് ഇരയായതില്‍ ഭൂരിഭാഗവും സാധാരണക്കാരും കൂലിപണിക്കാരും സ്ത്രീകളുമാണ്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം 67 യുവതികളാണ് പാതിവില തട്ടിപ്പിനെതിരേ പരാതി നല്‍കിയത്.