വന്യജീവി ആക്രമണം : കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് പ്രിയങ്കഗാന്ധി : നൗഷാദിന്റെ വീട്ടിലെത്തി
1513023
Tuesday, February 11, 2025 4:37 AM IST
വണ്ടൂർ: കാട്ടുപന്നിയാക്രമണത്തിൽ കൊല്ലപ്പെട്ട വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി പൊത്തൻങ്ങോടൻ നൗഷാദിന്റെ വീട് പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ചു.
നൗഷാദിന്റെ വിയോഗം കുടുംബം ഇനിയും പൂർണമായും ഉൾക്കൊള്ളാത്ത പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ പ്രിയങ്കക്കൊപ്പം പോയിരുന്നില്ല. അതേസമയം വഴിയിൽ പ്രിയങ്ക ഗാന്ധിയെ കാത്തുനിന്ന സ്ത്രീകളോടും കുട്ടികളോടും അന്വേഷണം നടത്തിയാണ് എംപി മടങ്ങിയത്.
മണിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു
കരുളായി: കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട കരുളായി നെടുങ്കയം സ്വദേശി മണിയുടെ കുടുംബത്തെ നേരിൽകണ്ടു ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി. മണിയുടെ ഭാര്യയെയും കുട്ടികളെയും നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ വച്ചാണ് കണ്ടത്.
വീടും കുട്ടികളുടെ വിദ്യാഭ്യാസവും ഭാര്യയുടെയും സഹോദരന്റെയും ജോലി ഉൾപ്പടെയുള്ള ആശങ്ക പ്രിയങ്കയോട് കുടുംബം പങ്കുവച്ചു. ജനുവരി നാലിനാണ് കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി മടങ്ങിവരും വഴി ആദിവാസി യുവാവായ മണിയെ കരുളായി ഫോറസ്റ്റ് മേഖലയിൽ വച്ച് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്.
എ.പി. അനിൽ കുമാർ എംഎൽഎ, ഡിഎഫ്ഒ. ധനിക് ലാൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
സരോജിനിയുടെ കുടുംബത്തിന്റെ പ്രശ്നങ്ങൾ നേരിട്ട് കേട്ടു
നിലമ്പൂർ: കഴിഞ്ഞ മാസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ചു. സരോജിനിയുടെ മരണത്തെ തുടർന്ന് ഫോണിൽ പ്രിയങ്ക ഗാന്ധി കുടുംബത്തോട് ഏറെ നേരം സംസാരിച്ചിരുന്നു.
അന്ന് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ നേരിട്ട് വീട്ടിൽ എത്താം എന്ന് ഉറപ്പു നൽകിയിരുന്നു.
സരോജിനിയുടെ ഭർത്താവും മക്കളും മരുമക്കളും സന്നിഹിതരായിരുന്നു. കുടുംബത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങലും ഏറെ നേരം കേട്ട പ്രിയങ്ക സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് പറഞ്ഞാണ് ഇറങ്ങിയത്.