സ്നേഹ വീടുകൾ കൈമാറി
1513031
Tuesday, February 11, 2025 4:45 AM IST
നിലമ്പൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂർ മണ്ഡലം കമ്മിറ്റി നിർമിച്ച ടി. നസ്റുദ്ദീൻ സ്മാരക സ്നേഹ വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി.സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി താക്കോൽ സമർപ്പണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂർ മണ്ഡലം കമ്മിറ്റി ജില്ലാ,യൂണിറ്റ് കമ്മിറ്റികളുടെ സഹായത്തോടെ നിലമ്പൂർ മണ്ഡലത്തിലെ നിർധനരായ ആറ് വ്യാപാരികൾക്കാണ് സ്നേഹ വീടുകൾ നിർമിച്ച് നൽകിയത്.
നിലമ്പൂർ മണ്ഡലത്തിലെ അമരമ്പലം , ചുങ്കത്തറ, കരുളായി , മൂത്തേടം, നിലമ്പൂർ യൂണിറ്റുകളിലെ വ്യാപാരികൾക്കാണ് ഈ പദ്ധതി വഴി വീടുകൾ നൽകിയത്. പൂക്കോട്ടുംപാടത്തെ തണൽ ഡയാലിസിസ് സെന്ററുമായി സഹകരിച്ച് മണ്ഡലത്തിലെ വൃക്ക രോഗികളായ മുഴുവൻ വ്യാപാരികൾക്കും സൗജന്യ ഡയാലിസിസ് നൽകുന്ന പദ്ധതിക്കും ചടങ്ങിൽ തുടക്കമായി. കെ. സഫറുള്ള അധ്യക്ഷത വഹിച്ചു.
നസ്റുദ്ദീൻ അനുസ്മരണ പ്രഭാഷണം ഹക്കിം ചങ്കരത്ത് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി ദേവസ്യ മേനാച്ചേരി, ട്രഷറർ എസ്. ദേവരാജൻ , ബാബു കോട്ടയിൽ, സണ്ണി പയ്യംപള്ളി, ബാപ്പു ഹാജി എന്നിവർ സംസാരിച്ചു.