ചങ്ങരംകുളം സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു; മൂന്നുപേര്‍ അറസ്റ്റില്‍
1513225
Wednesday, February 12, 2025 4:19 AM IST
ചങ്ങരംകുളം: ഉദിനുപറമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളില്‍ മൂന്ന് പേര് അറസ്റ്റില്‍. ചങ്ങരംകുളം സ്വദേശി കറുപ്പം വീട്ടില്‍ ബാധുഷ (27), ചാവക്കാട് സ്വദേശി പൊന്നുപറമ്പില്‍ നിജിത്ത് (28), കുന്നംകുളം കാട്ടകാമ്പാല്‍ സ്വദേശി ചെറുവള്ളിയില്‍ മണികണ്ഠന് (25) എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഉദിനുപറമ്പില്‍ താമസിച്ചിരുന്ന ബാദുഷയുടെ നേതൃത്വത്തിലുള്ള സംഘവും പ്രദേശത്തെ യുവാക്കളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു.
നാട്ടുകാരായ യുവാക്കളുടെ ബൈക്കുകളില്‍ കാറിടിച്ച് കയറ്റിയതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ ചോദിച്ചറിയാനായി എത്തിയ പൊതുപ്രവര്‍ത്തകനും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായ സുബൈറിന് വെട്ടേറ്റത്. തടയാനെത്തിയ റാഫി എന്നയാളെയും സംഘം മര്‍ദിച്ചു.
അക്രമത്തില്‍ പരിക്കേറ്റ മൂന്ന് പേരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് നിന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികള്‍ സമാനമായ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്നും വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളവരാണെന്നും പോലീസ് പറഞ്ഞു.
പ്രദേശത്തെ ലഹരി വില്‍പ്പന സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.