"കക്ഷികള്‍ക്ക് എത്താനാകുന്നില്ല, ജില്ലയില്‍ കൂടുതല്‍ കുടുംബ കോടതികള്‍ വേണം’
1513257
Wednesday, February 12, 2025 4:51 AM IST
മഞ്ചേരി: സംസ്ഥാനത്ത് ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മലപ്പുറം ജില്ലയില്‍ കൂടുതല്‍ കുടുംബ കോടതികള്‍ സ്ഥാപിക്കണമെന്ന് കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ മലപ്പുറത്തും തിരൂരും മാത്രമാണ് കുടുംബ കോടതികള്‍ ഉള്ളത്.
വഴിക്കടവ് പോലുള്ള വിദൂരസ്ഥലങ്ങളില്‍ നിന്ന് മലപ്പുറത്തെ കുടുംബ കോടതിയില്‍ കൃത്യസമയത്ത് എത്താന്‍ കക്ഷികള്‍ ഏറെ പ്രയാസപ്പെടുകയാണ്. ജില്ലയില്‍ കുടുംബ കേസുകളുടെ ആധിക്യവും പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ കോര്‍ട്ട് സെന്ററുകളിലും അഡീഷണല്‍ കുടുംബ കോടതികള്‍ അനുവദിക്കണമെന്നാണ് ആവശ്യം.
വക്കീല്‍ ഗുമസ്തന്മാരുടെ ക്ഷേമനിധി ആനുകൂല്യങ്ങളില്‍ കാലാനുസൃതമായ വര്‍ധനവ് വരുത്തണമെന്നും മഞ്ചേരിയില്‍ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം. ഉമ്മര്‍, സെക്രട്ടറി അഡ്വ. കെ.എം. സുരേഷ്, അഡ്വ. പി.എം. സഫറുള്ള, ക്ലാര്‍ക്ക് അസോസിയേഷന് ഭാരവാഹികളായ പി.വി. സന്തോഷ്, കെ. അബൂബക്കര്‍, ജെ. കുമാരന്, കെ.പി. ശിവകുമാര്‍, കെ.പി. സുബ്രഹ്മണ്യന്, ഇബ്രാഹിം തലാഞ്ചേരി, കെ. സതീശന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികള്‍ : കെ.പി. ശിവകുമാര്‍ (പ്രസിഡന്റ്), ഇബ്രാഹിം തലാഞ്ചേരി (സെക്രട്ടറി), ദേവദാസ് ചുള്ളിയത്ത് (ട്രഷറര്‍).