ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി തുടങ്ങി
1511324
Wednesday, February 5, 2025 5:39 AM IST
പെരുമ്പടപ്പ്: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു. പി. നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ചങ്ങരംകുളം ചെറവല്ലൂരിനെയും പെരുമ്പടപ്പിനെയും ബന്ധിപ്പിക്കുന്ന നെല്‍വയലിലൂടെയുള്ള, നിലവില്‍ വളരെ ഇടുങ്ങിയ വീതി കുറഞ്ഞ മണ്ണ് റോഡാണിത്. നിലവിലുള്ള റോഡിനോട് ചേര്‍ന്ന് എട്ട് കോടി രൂപ ചെലവിലാണ് പുതിയ റോഡ് നിര്‍മിക്കുന്നത്.
കായലിന്റെ കുറുകെ നിര്‍മിച്ചിട്ടുള്ള ബണ്ട്, റോഡിന്റെ ഒരു ഭാഗത്ത് കോള്‍പാടവും മറുഭാഗത്ത് നെല്‍പ്പാടവുമാണുള്ളത്. നിലവില്‍ ബണ്ട് റോഡിന് മൂന്ന് മീറ്റര്‍ വീതി മാത്രമാണുള്ളത്. 650 മീറ്റര്‍ നീളമുള്ള ഈ റോഡ്, ഫുട്പാത്ത് ഉള്‍പ്പെടുത്തി ഒമ്പത് മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്.
പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാര്‍, സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് അഷ്റഫ് മുക്കണ്ടത്ത്, നിഷാദത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. റംഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.