മഞ്ചേരിയില്‍ നാളെ മുതല്‍ ഗതാഗത പരിഷ്കാരം
1511075
Tuesday, February 4, 2025 8:02 AM IST
മഞ്ചേരി: നഗരത്തില്‍ നാളെ മുതല്‍ ഗതാഗത പരിഷ്കാരം നടപ്പാക്കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി തീരുമാനം. 15 ദിവസത്തേക്ക് താല്‍ക്കാലികമായി പരിഷ്കാരം നടപ്പാക്കും. കാലാവധി തീരുന്ന മുറക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. ട്രയല്‍ റണ്‍ വിജയകരമാണെങ്കില്‍ പരിഷ്കാരം തുടരാനാണ് തീരുമാനം. 2024 ഫെബ്രവരി ഒന്നിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങളില്‍ ചിലത് അംഗീകരിക്കുകയും ഭേദഗതികള്‍ വരുത്തിയുമാണ് പുതിയ പരിഷ്കാരം.
ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരുന്നതും ആനക്കയം ഭാഗത്തേക്ക് തിരിച്ച് പോകേണ്ടതുമായ മുഴുവന്‍ ബസുകളും ഐജിബിടിയില്‍ നിന്ന് ഓപറേറ്റ് ചെയ്യണമെന്നായിരുന്നു റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ ഈ ബസുകള്‍ തുറക്കല്‍ ബാപ്പുട്ടി ബൈപാസ്, മുനിസിപ്പല്‍ ഓഫീസ് വഴി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി അവിടെ നിന്ന് നിലമ്പൂര്‍ റോഡിലൂടെ ജസീല ജംഗ്ഷനിലെത്തി സിഎച്ച് ബൈപാസ് വഴി സീതിഹാജി സ്റ്റാന്ഡിലെത്തണമെന്നാണ് പുതിയ പരിഷ്കാരം.
കിഴിശേരി ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ കോഴിക്കോട് റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ജസീല ജംഗ്ഷന്, സിഎച്ച് ബൈപാസ് വഴി സീതിഹാജി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. അവിടെ നിന്ന് പാണ്ടിക്കാട് റോഡ്, മലപ്പുറം റോഡ് വഴി ഐജിബിടിയിലെത്തി ഹാള്‍ട്ട് ചെയ്യണം.
പൂക്കോട്ടൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ആദ്യം ഐജിബിടി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് കിഴിശേരി ബസുകള്‍ക്ക് സമാനമായ രീതിയില്‍ നഗരത്തിലൂടെ കറങ്ങി സീതി ഹാജി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. നിലവില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ ഐജിബിടിയില്‍ നിന്നാണ് ഓപറേറ്റ് ചെയ്യുന്നത്. ഇതിലും മാറ്റം വരുത്തി.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ കോഴിക്കോട് റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ജസീല ജംഗ്ഷന് വഴി സിഎച്ച് ബൈപാസിലൂടെ പ്രവേശിച്ച് സീതിഹാജി സ്റ്റാന്‍ഡില്‍ കയറി പാണ്ടിക്കാട്, മലപ്പുറം റോഡ് വഴി ഐജിബിടിയില്‍ എത്തണം. നിലമ്പൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ജസീല ജംഗ്ഷന്, സിഎച്ച് ബൈപാസ് വഴി സീതിഹാജി സ്റ്റാന്‍ഡിലെത്തി മലപ്പുറം റോഡിലൂടെ ഐജിബിടി സ്റ്റാന്‍ഡിലെത്തണം.
പിന്നീട് തിരിച്ച് നിലമ്പൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ തുറക്കല്‍ ബാപ്പുട്ടി ബൈപാസ് വഴി കോഴിക്കോട് റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ജസീല ജംഗ്ഷന് വഴി പോകണമെന്നും പരിഷ്കാരത്തിലുണ്ട്.അതേസമയം പുതിയ പരിഷ്കാരം നടപ്പാക്കുന്നതിനെതിരേ സ്വകാര്യ ബസുടമകളും വ്യാപാരികളും അടക്കം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.