പയ്യനാട് ഹോമിയോ ആശുപത്രിയില്‍ കംപ്യൂട്ടര്‍വത്കരണം ഇഴയുന്നതായി പരാതി
1510391
Sunday, February 2, 2025 4:46 AM IST
മഞ്ചേരി: പയ്യനാട് ഹോമിയോ കേന്ദ്രത്തില്‍ സ്പെഷല്‍ ഒപി ആരംഭിച്ചിട്ടും ആശുപത്രിയുടെ കംപ്യൂട്ടര്‍വത്കരണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതായി പരാതി. ആശുപത്രിയില്‍ ഹെര്‍ബെല്‍ ഗാര്ഡന് സ്ഥാപിക്കുന്നതിന് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നുവെങ്കിലും ഇക്കാര്യവും ഇഴയുകയാണ്. തൈറോയിഡ് ചികിത്സക്കായി ആശുപത്രിയിലെ രണ്ട് മുറികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിയിരുന്നു. എന്നാല്‍ ഇതിന്റെ അവസ്ഥയും വിഭിന്നമല്ല.
ഫെബ്രുവരി മാസത്തെ എച്ച്എംസി മീറ്റിംഗില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നെല്ലിപറമ്പ് ജംഗ്ഷനിലെ ബ്ലോക്ക് കുറയ്ക്കുന്നതിനായി കുത്തുകല്‍ ജംഗ്ഷനില്‍ നിന്ന് ചെരണി മംഗലശേരി റോഡിലേക്ക് മഞ്ചേരി മിനി ബൈപാസ് എന്ന പേരില്‍ പുതിയ റോഡ് നിര്‍മിക്കുന്നതിന് സ്ഥലം വിട്ട് നല്‍കുന്നതിന് 10 പേര് സമ്മതപത്രം നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടുപേരുടെ സമ്മതപത്രം കൂടി ലഭിക്കേണ്ടതുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
മഞ്ചേരി മിനി സിവില്സ്റ്റേഷന് റോഡ് സൗന്ദര്യവത്കരിക്കുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കുന്നതിനായി താലൂക്ക് വികസന സമിതി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കും റോഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നഗരസഭക്കും നിര്‍ദേശം നല്കി. സ്വകാര്യബസുകളില്‍ കുട്ടികള്‍ക്ക് കണ്സെഷന് ലഭിക്കുന്നില്ലെന്ന് സമിതി അഗം പരാതി ബോധിപ്പിച്ചു. താലൂക്ക് വികസന സമിതി യോഗത്തില്‍ ടി.പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
തഹസില്‍ദാര്‍ എം. മുകുന്ദന് കുമാരന്, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. അലി, പി. മുഹമ്മദ്, എന്‍.പി. മുഹമ്മദ്, പി. രാധാകൃഷ്ണന്, അബ്ദുള്ള, ഒ.ജെ. സജി, പുലിയോടന്‍ മുഹമ്മദ്, കെ.എം. ജോസ്, വല്ലാഞ്ചിറ നാസര്‍, പി.കെ. അബ്ദുറഹിമാന് എന്നിവര്‍ പങ്കെടുത്തു.