നിലമ്പൂര്‍ ബൈപാസ്: ഇരകള്‍ നാളെ മുതല്‍ നിരാഹാര സമരത്തിലേക്ക്
1510394
Sunday, February 2, 2025 4:46 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ബൈപാസിന്റെ ഇരകള്‍ മൂന്ന് മുതല്‍ അഞ്ച് വരെ മൂന്ന് ദിവസം തുടര്‍ച്ചയായി നിരാഹാര സമരം നടത്തും. നിലമ്പൂര്‍ വികസന സമിതിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ നിലമ്പൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ നിരാഹാരം നടത്തുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സമരം. ഫാ. ജോണ്സണ് തേക്കട, കുറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി തുടങ്ങിയവര്‍ ആദ്യദിനം സമരപ്പന്തലിലെത്തി സന്ദേശം നല്‍കും. സമാപന ദിവസം പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം കാര്യദര്‍ശി കെ.ആര്. ഭാസ്കര പിള്ള പങ്കെടുക്കും. 257 കുടുംബങ്ങള്‍ക്കാണ് ബൈപാസ് വരുന്നതോടെ സ്ഥലം നഷ്ടമാകുന്നത്.
48 വീടുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റണം. ബന്ധപ്പെട്ടവര്‍ പലതവണ അവധി പറഞ്ഞിട്ടും ഇതുവരെ ഭൂമിയുടെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല. വാര്‍ത്താ സമ്മേളനത്തില്‍ നിലമ്പൂര്‍ വികസന സമിതി കണ്‍വീനര്‍ അഹമ്മദ്കുട്ടി കാപ്പില്‍, എം.കെ. സുരേഷ്, കെ.പി. ഉമ്മര്‍, നസീറ ആറാട്ടുതൊടി, ജെയിംസ് മയ്യന്താന്നി എന്നിവര്‍ പങ്കെടുത്തു.