ദമ്പതിമാര്‍ക്ക് മര്‍ദനം; അയല്‍വാസിക്ക് തടവും പിഴയും
1511068
Tuesday, February 4, 2025 8:02 AM IST
മഞ്ചേരി: പട്ടികജാതിക്കാരായ ദമ്പതിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ക് മഞ്ചേരി എസ്സി-എസ്ടി സ്പെഷല്‍ കോടതി ഒരു വര്‍ഷം തടവിനും ആയിരം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട് മണ്ണാറാട് ലക്ഷംവീട് കോളനിയില്‍ തണ്ടാംവീട്ടില് പ്രസാദി(40)നെയാണ് എസ്സി-എസ്ടി സ്പെഷല്‍ കോടതി ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്. 2022 ജൂണ്‍ 10ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
പുത്തന്‍കുളത്തിന്റെ വക്കത്ത്വീട്ടില് ചന്ദ്രന്റെ ഭാര്യ വിലാസിനിയാണ് പരാതിക്കാരി. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന ലക്ഷം വീട് കോളനിയിലെ അന്തേവാസിയാണ് പ്രതിയും. ഇരുകൂട്ടരുടെയും വീടിന് മുന്‍വശത്ത് കൂടെ പോകുന്ന ഡ്രൈനേജ് പ്രതി കല്ലും മണ്ണും ഉപയോഗിച്ച് തടഞ്ഞുവച്ചിരുന്നു.
ഇക്കാര്യം സംബന്ധിച്ച് ചന്ദ്രന് ആരോഗ്യവകുപ്പിലും പഞ്ചായത്തിലും പരാതിപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത് പ്രകാരം എത്തിയ മുസ്തഫ എന്ന വ്യക്തിയെ പ്രതി മർദിച്ചു. ഇത് തടയാനെത്തിയ ചന്ദ്രനും വിലാസിനിക്കും പ്രതിയിൽനിന്ന് മര്‍ദനമേറ്റു. തിരൂര്‍ ഡിവൈഎസ്പി വി.വി. ബെന്നി ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുള്‍ സത്താര്‍ തലാപ്പില്‍ 10 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.