ലഹരി വ്യാപനം തടയണം; എസ്എസ്എഫ് എസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
1510395
Sunday, February 2, 2025 4:46 AM IST
മലപ്പുറം: "ഡ്രഗ്സ്, സൈബര്‍ ക്രൈം: അധികാരികളേ, നിങ്ങളാണ് പ്രതി' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി എസ്എസ്എഫ് മലപ്പുറം ജില്ലാ ഈസ്റ്റ്, വെസ്റ്റ് ഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച മലപ്പുറം എസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം എസ്പി ഓഫീസിനു മുന്നില്‍ സമാപിച്ചു.
എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ടി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ലഹരി വ്യാപനം തടയാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉത്തരവാദിത്വമുണ്ട്. സാമൂഹിക രംഗത്തും ആരോഗ്യരംഗത്തും ലഹരി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവരണം.
ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്ളോഗര്‍മാരും സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ലഹരിക്കെതിരേ ശക്തമായി പ്രതികരിക്കണം. കാലോചിതവും ശാസ്ത്രീയവുമായ പാരന്റിംഗ് പ്രായോഗികമാക്കാന്‍ രക്ഷിതാക്കളും ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് നിവേദനം സമര്‍പ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എ. മുഹമ്മദ് പറവൂര്‍, എസ്വൈഎസ് ജില്ലാ സെക്രട്ടറി പി.പി. മുജീബുറഹ്മാന്‍, എസ്എസ്എഫ് ജില്ലാ ഭാരവാഹികളായ ജാഫര്‍ ശാമിര്‍ ഇര്‍ഫാനി, മുഷ്താഖ് സഖാഫി, പി.ടി. മുഹമ്മദ് അഫ്ളല്, ടി.എം. ശുഹൈബ്, അഡ്വ. അബ്ദുള്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.