അപകടങ്ങള്‍ തുടര്‍ക്കഥ; അങ്ങാടിപ്പുറം പരിയാപുരത്ത് ലോറി മറിഞ്ഞു
1511077
Tuesday, February 4, 2025 8:02 AM IST
അങ്ങാടിപ്പുറം: പരിയാപുരം ചീരട്ടാമല വളവില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറി ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ തലകുത്തനെ മറിഞ്ഞാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് ലോറി മറിഞ്ഞതായി കണ്ടത്.
ഡ്രൈവറും ക്ലീനറും ലോറിക്കുള്ളില്‍ അകപ്പെട്ട നിലയിലായിരുന്നു. നാട്ടുകാരും പെരിന്തല്‍മണ്ണ അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്നാണ് ലോറി ജീവനക്കാരെ പുറത്തെടുത്തത്. തുടര്‍ന്ന് ഇവരെ പോലീസ് വാഹനത്തില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെ കൃത്യസമയത്ത് കൊണ്ടുപോകാന്‍ വാഹനം ലഭിച്ചില്ല.
ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ട് വിളിച്ചിട്ടും കോൾ എടുത്തില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വേലി കെട്ടാന്‍ ഉപയോഗിക്കുന്ന കമ്പികളുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. സ്ഥിരം അപകട മേഖലയായ ഇവിടെ പലതവണ വാഹനങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്.