നിലമ്പൂര്‍ ബൈപാസ്: വികസന സമിതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി
1511079
Tuesday, February 4, 2025 8:02 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ബൈപാസ് ഇരകള്‍ നിരാഹാര സമരം തുടങ്ങി. നിലമ്പൂര്‍ വികസന സമിതിയുടെ സഹകരണത്തോടെയാണ് മൂന്ന് ദിവസങ്ങളിലായി നിരാഹാര സമരം നടത്തുന്നത്. നിലമ്പൂര്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം ഓഫീസിന് മുന്നിലാണ് നിരാഹാര സമരം ആരംഭിച്ചത്. ഫാ. ജോണ്സണ് തേക്കടിയില്‍ സമരം ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദറഹ്മാന് ദാരിമി മുഖ്യാതിഥിയായിരുന്നു. മജീഷ്യന്‍ ആര്.കെ. മലയത്ത് അധ്യക്ഷത വഹിച്ചു.
കെ.പി. ഉമ്മര്‍, നസീറ ആറാട്ടുതൊടി, കെ.ആര്.സി. നിലമ്പൂര്‍, ജെയിംസ് മയ്യന്താന്നി, അഹ്മദ്കുട്ടി കാപ്പില്‍, എം.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ബൈപാസിന് ഫണ്ട് അനുവദിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് നിരാഹാര സമരം നടത്തുന്നത്. തങ്ങളുടെ സമരവേദിയിലേക്ക് ഇവര്‍ രഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചിട്ടില്ലെന്നതും ഏറെ ശ്രദ്ധേയമാണ്.
ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ സിപിഎം നീക്കം തുടങ്ങി
നിലമ്പൂര്‍: നിലമ്പൂര്‍ ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ സിപിഎം നീക്കം തുടങ്ങി. നിലമ്പൂരിലെ ഗതാഗത കുരുക്കിന് പരിഹാരമാകേണ്ട ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ സിപിഎം നടപടി ശക്തമാക്കി.
സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.പത്മാക്ഷന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ തിരുവനന്തപുരത്തെത്തി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാൽ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ നിലമ്പൂര്‍ ബൈപാസിന് ആവശ്യമായ ഫണ്ട് വകയിരുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരാന്‍ പോകുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയ വിഷയമായി നിലമ്പൂര്‍ ബൈപാസ് മാറുമെന്ന് ഉറപ്പാണ്.
ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് നേതാക്കള്‍ ബൈപാസിനായി ശ്രമം ഊര്‍ജിതമാക്കിയിരിക്കുന്നത്. പി.വി. അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിലമ്പൂര്‍ ബൈപാസിന് പാര വച്ചത് സിപിഎം ജില്ലാ നേതൃത്വമാണെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.വി. അന്‍വറിനെ തള്ളിയ സിപിഎം നേതാക്കള്‍ ബൈപാസ് യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.