ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കരുവാരകുണ്ട് വട്ടമലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു
1511080
Tuesday, February 4, 2025 8:02 AM IST
കരുവാരകുണ്ട്: കരുവാരക്കുണ്ട് വട്ടമല പ്രദേശത്ത് വാഹനാപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 25ലേറെ അപകടങ്ങളും രണ്ട് മരണങ്ങളുമാണ് ഇവിടെ സംഭവിച്ചത്. അപകടങ്ങള്‍ പതിവായിട്ടും സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
ഏറ്റവുമൊടുവില്‍ ഞായറാഴ്ച രാത്രി അങ്കണവാടി കുട്ടികള്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഗൂഗിള്‍ മാപ് കാണിച്ച വഴിയിലൂടെ വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. താഴ്ചയിലേക്ക് ബസ് വീണെങ്കിലും സമീപത്തെ റബര്‍ മരങ്ങളില്‍ തങ്ങി നിന്നതിനാല്‍ ദുരന്തമൊഴിവായി.
പാതിരാത്രിയില്‍ കുരുന്നുകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കരുവാരകുണ്ടില്‍ നിന്ന് എടത്തനാട്ടുകരയിലേക്ക് എത്താനുള്ള എളുപ്പപാതയാണിത്. ചെങ്കുത്തായ കയറ്റിറക്കങ്ങളും വളവുകളും ഒപ്പം റോഡിന്റെ വീതി കുറവുമെല്ലാം അപകടത്തെ ക്ഷണിച്ച് വരുത്തുന്നു. എടത്തനാട്ടുകരയില്‍ നിന്ന് കരുവാരകുണ്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വട്ടമലയിലെ ഇറക്കമിറങ്ങുമ്പോഴാണ് അപകടങ്ങള്‍ സംഭവിക്കുന്നത്.
സ്ഥല പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഇറക്കവും വളവും മനസിലാകാത്തതാണ് അപകടങ്ങൾക്ക് കാരണം. രണ്ട് വര്‍ഷം മുമ്പ് ഒരു ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറും മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോറിക്ഷ ഇതേ സ്ഥലത്തേക്ക് മറിഞ്ഞ് യാത്രക്കാരനും മരണപ്പെട്ടിരുന്നു. അപകടങ്ങള്‍ കുറയ്ക്കാന്‍ താഴ്ചയുള്ള ഭാഗത്തോട് ചേര്‍ന്ന് ഇരുമ്പ് ഭിത്തി നിര്‍മിക്കാന്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല.
ഇരുമ്പ് ഭിത്തി നിര്‍മിക്കുന്നതിലൂടെ മാത്രം ഇവിടുത്ത അപകടങ്ങള്‍ കുറയ്ക്കാനാകില്ല. വളവ് കുറച്ച് റോഡിന് വീതി കൂട്ടിയാല്‍ നിലവിലെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും. വീതി കൂട്ടുന്നതിന് ഭൂമി ലഭ്യമാക്കാന്‍ സ്ഥലമുടമകളോട് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഉടന്‍ അത് സാധ്യമാകുമെന്നും ഗ്രാമപഞ്ചായത്തംഗം ഇ.കുഞ്ഞാണി പറഞ്ഞു.