38 വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കഭൂമി പിടിച്ചെടുത്ത് ചാലിയാർ പഞ്ചായത്ത്
1511313
Wednesday, February 5, 2025 5:32 AM IST
നിലമ്പൂര്‍: പെരുമുണ്ടമാട്ടട ശങ്കരന്‍നായര്‍ റോഡ് ഏറ്റെടുത്ത് ചാലിയാര്‍ ഗ്രാമപഞ്ചായത്ത്. പോലീസ് വലയത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള റോഡ് അളന്ന് കുറ്റിയടിച്ച് ജെസിബി ഉപയോഗിച്ച് റോഡ് നടപ്പാതയാക്കി മാറ്റിയത്. ജനങ്ങള്‍ക്ക് റോഡ് വിട്ടു നല്‍കുകയും ചെയ്തു.
ഇന്നലെ രാവിലെ 10.15 ഓടെ റോഡ് അളന്ന് തിട്ടപ്പെടുത്തി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനായി പഞ്ചായത്ത് അധികൃതരെത്തി. സെക്രട്ടറി അനീഷ് ജില്ലാ പോലീസ് മേധവിക്ക് നല്കിയ അപേക്ഷ പരിഗണിച്ച് നിലമ്പൂര്‍ എസ്ഐ തോമസ്കുട്ടി ജോസഫിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെ പോലീസുകാരുമെത്തി. റോഡ് അളക്കാനും കുറ്റിയടിക്കാനുമുള്ള നീക്കത്തിനിടെ സ്ഥലം തന്റേതാണെന്ന വാദവുമായി മുട്ടോട്ടില് ലക്ഷ്മിയും സഹോദരിയും രംഗത്ത് വന്നു.
അടിച്ച കുറ്റി ഇവര്‍ പിഴുതെടുത്തെങ്കിലും പോലീസ് അത് പിടിച്ചെടുത്തു.
പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള സ്ഥലം അളക്കുമ്പോള്‍ തടയാന്‍ കഴിയില്ലെന്നും മാര്‍ഗതടസമുണ്ടാക്കിയാല്‍ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചെങ്കിലും ലക്ഷ്മി പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ ഇത് അവഗണിച്ച് അളന്ന് തിട്ടപ്പെടുത്തി കുറ്റിയടിച്ചു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് 4.20 മീറ്റര്‍ വീതിയില്‍ 300 മീറ്റര്‍ നീളത്തില്‍ മണ്ണ്റോഡ് നിര്‍മിച്ചു.
38 വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കത്തിനാണ് പഞ്ചായത്ത് ഭരണ സമിതിയുടെയും സെക്രട്ടറിയുടെയും ശക്തമായ ഇടപെടലിലൂടെ പരിഹാരമായത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള റോഡിന്റെ അവകാശം ഉന്നയിക്കുന്ന മുട്ടോട്ടില് ലക്ഷ്മിക്ക് ആധാരപ്രകാരം 50 സെന്റ് സ്ഥലം മാത്രമാണുള്ളത്.
റിസര്‍വേയില്‍ ഇവരുടെ കൈവശം 64 സെന്റ് സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ കൈയേറ്റത്തില്‍ പഞ്ചായത്ത് റോഡും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് വീണ്ടെടുക്കുക മാത്രമാണ് ചെയ്തതെന്ന് ചാലിയാര്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ തോണിയില്‍ സുരേഷും പഞ്ചായത്ത് സെക്രട്ടറി അനീഷും പറഞ്ഞു.