റോഡിന്റെ വീതി കൂട്ടണമെന്നാവശ്യപ്പെട്ട് നിവേദനം
1511315
Wednesday, February 5, 2025 5:32 AM IST
മഞ്ചേരി: കാലങ്ങളായി നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായി മഞ്ചേരി നെല്ലിപ്പറമ്പ് മുതല്‍ കച്ചേരിപ്പടി വരെ റോഡ് വീതി കൂട്ടാന്‍ അടുത്ത ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ടി.കെ. ഹംസയും മുന്‍ നഗരസഭാധ്യക്ഷന്‍ അസൈന്‍ കാരാട്ടും പൊതുമരാമത്ത്, ധനകാര്യ മന്ത്രിമാര്‍ക്ക് നിവേദനം നല്കി.
മഞ്ചേരി മരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇതിനായി എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എന്‍ജിനിയര്‍ക്ക് സമര്‍പ്പിച്ചിരുന്നു. 60 കോടി സ്ഥലമെടുപ്പിനും 30 കോടി റോഡ് നിര്‍മാണത്തിനുമായി 90 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സമര്‍പ്പിച്ചിരുന്നത്.
മഞ്ചേരിയിലെ ഗതാഗത കുരുക്ക് കാരണം നഗരത്തിന്റെ പ്രാധാന്യം അനുദിനം കുറഞ്ഞുവരികയാണെന്നും മഞ്ചേരിയിലേക്ക് ജനങ്ങള്‍ എത്തുന്നത് കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഇതിന് റോഡ് വീതികൂട്ടി ഗതാഗതം സുഗമമാക്കുകയല്ലാതെ മാര്‍ഗങ്ങളില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.