എടപ്പറ്റയില്‍ 14 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
1511318
Wednesday, February 5, 2025 5:39 AM IST
എടപ്പറ്റ: എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ 2025-26 വര്‍ഷത്തേക്ക് 14 കോടി നാല് ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് വികസന സെമിനാര്‍ അംഗീകാരം നല്കി. പാര്‍പ്പിടം, ശുചിത്വം, ഗ്രാമീണ റോഡുകളുടെ നവീകരണം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്കുന്ന പദ്ധതിയില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍ക്കും യുവ വനിതാ ഐടി സ്കില്‍ഡ് ഫോഴ്സ്, പകല്‍വീട്, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് എന്നിവയ്ക്കും ഇടമുണ്ട്.
ഹോമിയോ ഡിസ്പെന്‍സറി, ബഡ്സ് സ്കൂള്‍, പകല്‍വീട്, പൊതു കളിക്കളങ്ങള്‍ എന്നിവയ്ക്ക് സ്ഥലം വാങ്ങും. ആധുനിക എംസിഎഫ് നിര്‍മിക്കും. മുഴുവന്‍ വിദ്യാലയങ്ങളിലും തുമ്പൂര്‍മുഴി വേസ്റ്റ് സംവിധാനം ഒരുക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ 15 ഗ്രാമീണ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യും. ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന വിവരശേഖരണത്തിന് സമഗ്ര സാമൂഹ്യ സാമ്പത്തിക സര്‍വേ നടത്തും.
വികസന സെമിനാര്‍ അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെന്പര് റഹ്മത്തുന്നീസ പദ്ധതി രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെന്പര് സി.കെ. ബഷീര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ടി.റഹ്മത്ത്, ഹസീന റാഫി, മെന്പര്‍മാരായ നാസര്‍, പി.എം. രാജേഷ്, ചിത്ര പ്രഭാകരന്, ബിനുക്കുട്ടന്, പി. സരിത തുടങ്ങിയവര്‍ പ്രസംഗിച്ചു.