തൃണമൂല്‍ കോണ്‍ഗ്രസ് കണ്വന്ഷന്
1511317
Wednesday, February 5, 2025 5:32 AM IST
എടക്കര: തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജകമണ്ഡലം കണ്വന്ഷന് വഴിക്കടവില്‍ നടത്തി. വഴിക്കടവ് പഞ്ചായത്തങ്ങാടി വ്യാപാര ഭവനില്‍ നടന്ന പരിപാടി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ. വി.എസ്. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളിലെ ധനസഹായവും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും വെട്ടിക്കുറച്ച പിണറായി സര്‍ക്കാര്‍ വെട്ടിക്കുറക്കല്‍ മുഖമുദ്രയാക്കി മാറ്റിയ സര്‍ക്കാരായി മാറിയെന്ന് കണ്വന്ഷന് അഭിപ്രായപ്പെട്ടു.
ഇ.എ. സുകു അധ്യക്ഷത വഹിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് കോ കോ ഓര്‍ഡിനേറ്റര്‍മാരായ പന്തളം രാജേന്ദ്രന്, ജോഷി ചുങ്കത്തറ, അസ്ലം ബക്കര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കരുളായി ഗ്രാമപഞ്ചായത്തംഗം രഹ്നത്ത് ഹെന്ന, ഇടതുപക്ഷ സഹയാത്രികന് പി.ബി. സുഭാഷ് ചുങ്കത്തറ, സുധീര്‍ പുന്നപ്പാല, സാബു പൊന്മേലില് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റിയും വിവിധ പഞ്ചായത്ത് കമ്മിറ്റികളും രൂപീകരിച്ചു. നിലമ്പൂര്‍ നിയോജക മണ്ഡലം ചെയര്‍മാനായി ഇ.എ. സുകുവിനെയും കണ്‍വീനറായി സുധീര്‍ പുന്നപ്പാലയെയും യോഗം തെരഞ്ഞെടുത്തു.