ഇഎംഎസ് ഹെല്‍ത്ത് കെയര്‍ ഇന്‍ഷ്വറന്‍സ് പദ്ധതി
1510393
Sunday, February 2, 2025 4:46 AM IST
പെരിന്തല്‍മണ്ണ: അപകടത്തില്‍പെടുന്നവര്‍ക്ക് 50000 രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി പെരിന്തല്‍മണ്ണയിലെ ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി. ഇഎംഎസ് സഹകരണ ആശുപത്രിയും ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ്റും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണ ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അരലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.
അപകടം മൂലം മരണപ്പെടുകയാണെങ്കില്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും സ്ഥിരവും പൂര്‍ണവുമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും ഇന്‍ഷ്വറന്‍സ് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
പദ്ധതിയില്‍ ഫെബ്രുവരി മൂന്ന് മുതല്‍ 20 വരെ വ്യക്തികള്‍ക്ക് നേരിട്ട് ചേരാം. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അവരുടെ ജീവനക്കാരെയും മെന്പര്മാരെയും കുടുംബാംഗങ്ങളെയും ഒരു അംഗത്തിന് 150 രൂപ അടവാക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്താം.
അഞ്ചു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ക്ക് അംഗമാകാം. പദ്ധതിയുടെ കാലാവധി 2025 മാര്‍ച്ച് ഒന്നു മുതല്‍ 2026 ഫെബ്രുവരി 28 വരെയാണ്. നിലവിലെ അംഗങ്ങള്‍ക്ക് 150 രൂപ അടവാക്കി പദ്ധതിയില്‍ തുടരാവുന്നതാണ്.