റണ്‍ പെരിന്തല്‍മണ്ണ റണ്‍ മാരത്തണ്‍ ഇന്ന്
1510396
Sunday, February 2, 2025 4:51 AM IST
പെരിന്തല്‍മണ്ണ: ദക്ഷിണേന്ത്യയിലെ മാരത്തണ്‍ ക്ലബുകളില്‍ ഒന്നായ സോള്‍സ് ഓഫ് പെരിന്തല്‍മണ്ണ സ്പോര്‍ട്സ് ക്ലബ്, കിംസ് അല്‍ശിഫ സ്പോര്‍ട്സ് ഇഞ്ചുറി ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് റണ്‍ പെരിന്തല്‍മണ്ണ റണ്‍ മാരത്തണ്‍ ഇന്ന് നടത്തും.
3500 കായിക താരങ്ങള്‍ പങ്കെടുക്കുന്ന മാരത്തണില്‍ അന്താരാഷ്ട്ര നിലവാരമുള്ള നൂതന സാങ്കേതിക സംവിധാനമായ ടൈമിംഗ് ചിപ്പിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ നിര്‍ണയിക്കുക. 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളില്‍ മത്സരവും അഞ്ച് കിലോമീറ്റര്‍ വിഭാഗത്തില്‍ ഫാമിലി ഫണ്‍ റണ്ണും ഉണ്ടായിരിക്കും.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളില്‍ 45 വയസ് വരെ ഓപ്പണ്‍. 45 വയസ് മുതല്‍ 60 വയസ് വരെ വെറ്ററന്‍സ്. 60 വയസിനു മുകളില്‍ സൂപ്പര്‍ വെറ്ററന്‍സ് എന്നിങ്ങനെയാണ് കാറ്റഗറി. ഇതിന് പുറമെ വിദേശികള്‍ക്ക് പ്രത്യേക കാറ്റഗറിയും ഡ്വാര്‍ഫ് കാറ്റഗറിയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നു രാവിലെ അഞ്ചിന് സൂംബാ ഡാന്‍സോടു കൂടി പരിപാടികള്‍ ആരംഭിക്കും. രാവിലെ 5.30 ന് 21 കിലോമീറ്ററും 6.15 ന് 10 കിലോമീറ്ററും 6.45 ന് അഞ്ച് കിലോമീറ്റര്‍ ഫാമിലി റണ്ണും ഫ്ളാഗ് ഓഫ് ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എം.അരുണ്‍, സെക്രട്ടറി കെ.പി.യാസര്‍, കോ ഓര്‍ഡിനേറ്റര്‍മാരായ നിയാസ് പുളിക്കല്‍, റിയാസ് വലമ്പൂര്‍ എന്നിവര്‍ അറിയിച്ചു.