മണ്ണാര്‍മലയില്‍ പുലിയുടെ സാന്നിധ്യം : വനംവകുപ്പിന്റെ സമീപനം അംഗീകരിക്കാനാകില്ലായെന്ന്
1511308
Wednesday, February 5, 2025 5:32 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരത്തോട് ചേര്‍ന്ന വെട്ടത്തൂര്‍ മണ്ണാര്‍മലയില്‍ നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ പുലി നടന്നുപോകുന്നത് പതിഞ്ഞ സാഹചര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിസംഗതയാണ് വ്യക്തമായിരിക്കുന്നതെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസം പുലിയെ കണ്ടുവെന്നു പറയുന്ന പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് നേരത്തെ നിരവധി തവണ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. അപ്പോഴെല്ലാം വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിരുന്നുവെങ്കിലും മുഖവിലക്കെടുത്തിരുന്നില്ല. പുലിയെ കണ്ടുവെന്നത് നാട്ടുകാരുടെ വെറും തോന്നല്‍ മാത്രമാണെന്നതായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.
വനം വകുപ്പിന്റെ നിഷേധാത്മക നിലപാടുകളാണ് ആപത്തുകളെ വിളിച്ചുവരുത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോകുന്ന വനം വകുപ്പിന്റെ സമീപനം അംഗീകരിക്കാനാകില്ല. ജനവാസ കേന്ദ്രത്തിലാണ് പുലിയെ കാണപ്പെട്ടത്.
ഈ പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ആശങ്കയിലാണ്. ജനങ്ങളുടെ ആശങ്കയകറ്റാനും ജീവന് സുരക്ഷയൊരുക്കാനും വനംവകുപ്പിന് ബാധ്യതയുണ്ട്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടു.
ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. മണ്ണാര്‍മലയില്‍ പുലിയുടെ സാന്നിധ്യം പലതവണ കണ്ട നാട്ടുകാര്‍ തന്നെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചതും പുലിക്കൂട് സ്ഥാപിച്ചതും. വനം വകുപ്പ് ചെയ്യേണ്ട ജോലികള്‍ ഇപ്പോള്‍ നാട്ടുകാരാണ് ചെയ്യുന്നത്. പുലിയുടെ സാന്നിധ്യം അറിയിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡിഎഫ്ഒ സ്ഥലത്തെത്തിയില്ല.
ഇത് പ്രതിഷേധാര്‍ഹമാണ്. മണ്ണാര്‍മലയില്‍ കാണപ്പെട്ട പുലിയെ പിടികൂടുന്നതിന് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.