സംഗീത വിരുന്നൊരുക്കി രംഗ് എ ഗസല്‍ മത്സരം
1490771
Sunday, December 29, 2024 5:36 AM IST
മലപ്പുറം: ശ്രോതാക്കള്‍ക്ക് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഗസല്‍ വിരുന്നൊരുക്കി രംഗ് എ ഗസല്‍ ആലാപന മത്സരം. ദേശീയതലത്തില്‍ മികച്ച ഗസല്‍ ഗായകരെ കണ്ടെത്തുന്നതിന് ബംഗളുരൂ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ നടത്തുന്ന ഗസല്‍ ഒഡിഷന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സംസ്ഥാനതല ഗസല്‍ ആലാപന മത്സരം ശ്രദ്ധേയമായി.
മലപ്പുറം ഗവ. കോളജില്‍ നടന്ന മത്സരം പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ഡോ. കെ.പി. ഷംസുദ്ദീന് തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗസല്‍ ഗായകന് ഉസ്താദ് അഷ്റഫ് ഹൈദ്രോസിനെ എംഎല്‍എ ആദരിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. ഗീതാനമ്പ്യാര് മുഖ്യാഥിതിയായിരുന്നു. യുണൈറ്റഡ് കൗണ്‍സിലിന്റെ മാനേജിംഗ് ട്രസ്റ്റി ഡോ.ഷായിസ്ത യൂസുഫ് മുഖ്യപ്രഭാഷണം നടത്തി. രംഗ് എ ഗസല്‍ ഓള് ഇന്ത്യാ കോ ഓര്‍ഡിനേറ്റര്‍ ഡോ. മഹ്മൂദ് ഷാഹിദ്, യുണൈറ്റഡ് കൗണ്‍സില്‍ ട്രഷറര്‍ ഡോ. ഇഖ്ബാല്‍ അഹമ്മദ് ബേഗ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
എന്‍. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ മത്സരത്തിനുള്ള മാര്‍ഗനിര്‍ദേശം നല്കി. സംഘാടക സമിതി കണ്‍വീനര്‍ ഡോ. പി.കെ. അബ്ദുള്‍ ഹമീദ് കാരശേരി, പി. മൊയ്തീന്‍കുട്ടി, ഡോ. പി.കെ. അബൂബക്കര്‍, ടി.മുഹമ്മദ്, പി.മുഹമ്മദ്കുട്ടി, ഡോ. ഫൈസല്‍ മാവുള്ളടത്തില്‍, സലാം മലയമ്മ, ടി.എ. റഷീദ് പന്തല്ലൂര്‍, എം.പി. സത്താര്‍ അരയങ്കോട്, എം. ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്ന് വിഭാഗങ്ങളിലായി അമ്പതില്പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു.