സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ്: കോട്ടക്കൽ ടീം ജേതാക്കൾ
1491304
Tuesday, December 31, 2024 6:23 AM IST
പെരിന്തൽമണ്ണ: വേള്‍ഡ് ട്രഡീഷണല്‍ കരാട്ടെ 42-ാമത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് പെരിന്തല്‍മണ്ണ ഗ്ലോബല്‍ സ്കൂള്‍സ് കോമ്പൗണ്ടില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. സെവന്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടി 45 വര്‍ഷമായി കരാട്ടെ പരിശീലന രംഗത്തുള്ള കേരള ചീഫ് ഇന്‍സ്ട്രക്ടര്‍ ഷിഹാന്‍ പി. ജോണ്‍സനെ പെരിന്തല്‍മണ്ണ സിഐ ഉമേഷ് സുധാകരന് ഉപഹാരം നല്കി ആദരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 800 മത്സരാര്‍ഥികള്‍ 150 കാറ്റഗറികളിലായി കത്ത, കുമിത്തെ വിഭാഗങ്ങളില്‍ മത്സരിച്ചു. കൂടുതല്‍ പോയിന്റ് നേടിയ ടീം കോട്ടക്കല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായി. പെരിന്തല്‍മണ്ണ ഷോട്ടോക്കാന്‍ സ്പോര്‍ട്സ് അക്കാദമി രണ്ടാംസ്ഥാനവും തൃശൂര്‍ മൂന്നാം സ്ഥാനവും നേടി. മത്സര വിജയികള്‍ പൂനെയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ പി. ജോണ്സണ് അധ്യക്ഷത വഹിച്ചു. ഓറ ഗ്ലോബല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സ്വീറ്റി എസ്. പുളിക്കോട്ടില്‍, കൃഷ്ണ സ്വരൂപ്, റഫറി കമ്മീഷന് ചെയര്മാന് കെ. കെ. മുഹമ്മദ് റഫീഖ്, ഡബ്ല്യുകെഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജിജോ കുര്യന്, ദാമു ഏലംകുളം എന്നിവര്‍ സംസാരിച്ചു.