കരുണയുടെ കരംപിടിച്ച് പുത്തനങ്ങാടി സെന്റ് മേരീസ് കോളജിലെ വിദ്യാര്‍ഥികള്‍
1491016
Monday, December 30, 2024 6:10 AM IST
അങ്ങാടിപ്പുറം: കാരുണ്യം നിറഞ്ഞൊഴുന്ന കാരുണ്യസദനിലേക്ക് അവരെത്തി. താളംതെറ്റിയ മനസുകള്‍ക്ക് കൂട്ടിരിക്കുന്ന സിസ്റ്റര്‍മാരുടെ സുകൃതമറിഞ്ഞു. പിന്നെ അവരെയെല്ലാം കൂട്ടി സ്വന്തം കോളജിലേക്ക്. സൊസൈറ്റി ഓഫ് നിര്‍മലദാസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ മാലാപറമ്പ് പാലൂര്‍കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യസദനിലെ അമ്മമാര്‍ക്കൊപ്പം പുത്തനങ്ങാടി സെന്റ്മേരീസ് കോളജില്‍ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷം ഹൃദ്യമായി.
കോളജിലെ നാഷനല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടര്‍ ഷിജോ സി.തങ്കച്ചന് ഉദ്ഘാടനം ചെയതു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡെന്നി ചോലപ്പള്ളില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ചാക്കോ കൊച്ചുപറമ്പില്‍, ഫാ.പോള്‍ മുത്തോട്ടില്‍, പഞ്ചായത്ത് അംഗങ്ങളായ അനില്‍ പുലിപ്ര, വിജയകുമാരി, പരിയാപുരം സെന്റ് മേരീസ് സ്കൂള്‍ അധ്യാപകന് മനോജ് വീട്ടുവേലിക്കുന്നേല്‍, എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടി.കെ.റജീന എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളും അമ്മമാരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങുണര്‍ത്തി. സ്നേഹവിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത്.