വന്യമൃഗ ആക്രമണം: വാഹന പ്രചാരണ ജാഥയുമായി പി.വി. അന്‍വര്‍
1491521
Wednesday, January 1, 2025 4:31 AM IST
എടക്കര: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വാഹന പ്രചാരണ ജാഥക്ക് ജനുവരി മൂന്നിന് തുടക്കമാകും.
വയനാട് ജില്ലയിലെ പനമരത്ത് വൈകിട്ട് അഞ്ചിന് സമര പ്രഖ്യാപന വാഹന ജാഥ ആരംഭിക്കും. നാലിന് രാവിലെ 8.30ന് ബത്തേരി മണ്ഡലത്തിലെ പുല്‍പ്പള്ളിയില്‍ നിന്നാരംഭിച്ച് കല്‍പ്പറ്റ മണ്ഡലത്തിലൂടെ വൈകുന്നേരം ആറുമണിക്ക് തിരുവമ്പാടിയില്‍ പൊതുയോഗത്തോടെ
ജാഥ സമാപിക്കും. അഞ്ചിന് രാവിലെ 8.30 ന് ഏറനാട് മണ്ഡലത്തിലെ ചാത്തല്ലൂരില്‍ നിന്നാരംഭിച്ച് വണ്ടൂര്‍ മണ്ഡലത്തിലെ മമ്പാട് വഴി നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ അമരമ്പലം, കരുളായി, മൂത്തേടം, ചുങ്കത്തറ, പോത്തുകല്‍ ചുറ്റി ജാഥ വഴിക്കടവില്‍ സമാപിക്കും.
ആറുമണിക്ക് പൊതുസമ്മേളനം നടക്കും. ജാഥയുടെ വിജയത്തിനായി എടക്കരയില്‍ ചേര്‍ന്ന യോഗത്തില്‍ വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉസ്മാന് കാറ്റാടി, ഐഎന്‍എല്‍ നേതാവ് പറാട്ടി കുഞ്ഞാന്, ജോഷി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി ചെയര്‍മാനായി വഴിക്കടവ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡനന്റ്് ഇ.എ. സുകുവിനെയും കണ്‍വീനറായി ഷൗക്കത്ത് വയനാടിനെയും കോ ഓര്‍ഡിനേറ്റര്‍മാരായി നൂറുദ്ദീന്‍ തയ്യില്‍, സയ്യിദ് എച്ച്.എസ്.കെ. തങ്ങള്‍, സാബു പൊന്മേലില്, ജോഷി മാഷ് ചുങ്കത്തറ എന്നിവരെയും തെരഞ്ഞെടുത്തു.
കടക്കെണി മൂലം ജപ്തി നടപടികള്‍ നേരിടുന്ന ആളുകളുടെ സംഗമം ജനുവരി അവസാനവാരം മലപ്പുറം ടൗണ്‍ ഹാളില്‍ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.