ആലിപ്പറമ്പ് സ്കൂളില്‍ ശുചിത്വം സുകൃതം പദ്ധതി
1491875
Thursday, January 2, 2025 6:07 AM IST
ആലിപ്പറമ്പ്: മലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 205 വിദ്യാലയങ്ങളില്‍ ഒന്നായ ആലിപ്പറമ്പ് ജിഎച്ച്എഎസ്എസ് മാലിന്യമുക്ത കാമ്പസായി മാറുന്നു.
കുട്ടികളില്‍ വലിച്ചെറിയല്‍ സംസ്കാരം ഇല്ലാതാക്കി ക്ലീന്‍ കാമ്പസാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ കഴിയുന്നു. ഒക്ടോബര്‍ ആദ്യവാരമാണ് സ്കൂളില്‍ പദ്ധതി ആരംഭിച്ചത്. എല്ലാ ക്ലാസുകളിലേക്കും ക്ലീനിംഗ് ഉപകരണങ്ങള്‍ നല്കി.
ജൈവമാലിന്യം സംസ്കരിക്കാനായി ബയോബിന്നുകള്‍ സ്ഥാപിച്ചു. സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചു. ഇതോടൊപ്പം പൂന്തോട്ടവും അടുക്കളത്തോട്ടവും നിര്‍മിച്ചു.പദ്ധതിയുടെ പ്രഖ്യാപന യോഗത്തില്‍ ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെംബർ ശാരദാ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അയമു സമ്പൂര്‍ണ ശുചിത്വ വിദ്യാലയ പ്രഖ്യാപനം നടത്തി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹൈദ്രോസ് കോയ തങ്ങള്‍, ഹെഡ്മിസ്ട്രസ് വി.സിന്ധു, പിടിഎ പ്രസിഡന്റ് അബ്ദുറസാഖ്, എസ്എംസി ചെയര്മാന് ബാലകൃഷ്ണന്, പിടിഎ വൈസ് പ്രസിഡന്റ് രതീഷ്, എംപിടിഎ പ്രസിഡന്റ് പ്രിയ എന്നിവര്‍ പ്രസംഗിച്ചു.