സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് കൊടിയുയര്‍ന്നു
1491516
Wednesday, January 1, 2025 4:31 AM IST
താനൂര്‍: സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് താനൂരില്‍ കൊടിയുയര്‍ന്നു. ഇന്നു മുതല്‍ മൂന്നുവരെയാണ് സമ്മേളനം നടക്കുന്നത്. പൊതുസമ്മേളന നഗരിയായ ചീരാന്‍ കടപ്പുറത്തെ സീതാറാം യെച്ചൂരി നഗറില്‍ ഉയര്‍ത്താനുള്ള പതാക പൊന്നാനിയിലെ ഇ.കെ. ഇമ്പിച്ചിബാവയുടെ വസതിയില്‍ നിന്നാണ് ഏറ്റുവാങ്ങിയത്.
കൊടിമരം തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയായിരുന്ന പി. പരമേശ്വരന് എമ്പ്രാന്തിരിയുടെ വസതിയില്‍ നിന്നും സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖ താനൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന ഇ. ഗോവിന്ദന്റെ വസതിയില്‍ നിന്നും ഏറ്റുവാങ്ങി.
ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.കെ. ഖലിമുദ്ദീന്‍ ക്യാപ്റ്റനായ പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം
പി. നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.പി. സക്കറിയ ക്യാപ്റ്റനായ കൊടിമരജാഥ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി. ശശികുമാര്‍ ഇ. ഗോവിന്ദന്റെ വസതിയില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു റിലേ ഉദ്ഘാടനം ചെയ്തു.
മൂന്ന് ജാഥകളും പൊതുസമ്മേളന നഗരിയില്‍ സംഗമിച്ചു. സ്വാഗതസംഘം ചെയര്മാന് മന്ത്രി വി. അബ്ദുറഹ്മാന് പതാക ഉയര്‍ത്തി.
ഇന്ന് രാവിലെ 9.30ന് താനൂര്‍ മൂച്ചിക്കല്‍ ക്രൗണ്‍ ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണന് നഗറില്‍ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തും. 10ന് തുടക്കമാകുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, എളമരം കരീം, പി. സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി.കെ. ബിജു, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.
ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും വൈകീട്ട് പൊതുചര്‍ച്ചയും നടക്കും.
രണ്ടാംദിനം പൊതുചര്‍ച്ച തുടരും. തുടര്‍ന്ന് ചര്‍ച്ചക്കുള്ള മറുപടി. മൂന്നാംദിനം ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണം, സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കല്‍, ജില്ലാകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കല്‍ എന്നിവ നടക്കും.
വൈകിട്ട് നാലിന് താനൂര്‍ ഹാര്‍ബര്‍ പരിസരത്തു നിന്ന് ചുവപ്പ് വോളണ്ടിയര്‍ മാര്‍ച്ചും താനൂര്‍ ബീച്ച് റോഡ് ഗ്രൗണ്ടില്‍ നിന്നും പ്രകടനവും ആരംഭിക്കും. വൈകീട്ട് 5.30ന് സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.