ജില്ലാ കേരളോത്സവം: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യന്മാർ
1491295
Tuesday, December 31, 2024 6:23 AM IST
പെരിന്തൽമണ്ണ: ജില്ലാ കേരളോത്സവത്തിന് പ്രൗഢോജ്ജ്വല സമാപനം. തുടർച്ചയായ മൂന്നാംതവണയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യൻമാരായി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും അരീക്കോട് ബ്ലോക്ക് പഞ്ചായത്തും മങ്കട ബ്ലോക്ക് പഞ്ചായത്തും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് ദിവസങ്ങളിലായി ഗവ. ബോയ്സ് സ്കൂൾ, ഗവ. ഗേൾസ് സ്കൂൾ, പെരിന്തൽമണ്ണ ടൗൺ സ്ക്വയർ എന്നിവിടങ്ങളിൽ അഞ്ച് വേദിയിലായി നടന്ന കലാമത്സരങ്ങളിൽ ആയിരത്തിൽപരം കലാ പ്രതിഭകൾ പങ്കെടുത്തു.
ജില്ലയിലെ മികച്ച ക്ലബിനുള്ള പോരാട്ടത്തിൽ ക്ലബ് തലത്തിൽ ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കരിമ്മുക്ക് ഒന്നാം സ്ഥാനം നേടി.യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പടിഞ്ഞാറ്റുമുറി രണ്ടാം സ്ഥാനവും യൂണിവേഴ്സൽ പറമ്പിൽ പീടിക മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട് അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബ്ദുറഹ്മാൻ, ജില്ല പഞ്ചായത്ത് മെമ്പർമാരായ ടി.പി. ഹാരിസ്,റഹ്മത്തുന്നീസ, ഷഹർഭാൻ എന്നിവർ വിജയികൾക്കുള്ള ഉപഹാരം കൈമാറി. കലാ മത്സങ്ങൾ നിയന്ത്രിച്ച അധ്യാപക സംഘടനാ പ്രതിനിധികൾ, പെരിന്തൽമണ്ണ ബ്ലോക്ക് യൂത്ത് കോ ഓർഡിനേറ്റർ മുഹമ്മദ് യാസീൻ എന്നിവരെ ആദരിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കെ. അയമു, ഗിരിജ, ജില്ല പഞ്ചായത്ത് സൂപ്രണ്ട് രാജേഷ്, യുവജന ക്ഷേമ ബോർഡ് ജില്ലാ ഓഫീസർ ആശ എസ്. ശരത് എന്നിവർ പങ്കെടുത്തു.