യുഡിഎഫിന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
1491301
Tuesday, December 31, 2024 6:23 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ ഹരിത കര്‍മസേന ശേഖരിച്ച മാലിന്യങ്ങള്‍ പാലക്കാട് നഗരസഭ പരിധിയില്‍ തള്ളിയതിനെതിരേ യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ശനിയാഴ്ചയാണ് നിലമ്പൂര്‍ നഗരസഭയില്‍ ശേഖരിച്ച മാലിന്യങ്ങള്‍ പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ബൈപാസ് എന്നിവിടങ്ങളില്‍ വഴി നീളെ തള്ളിയത്. മാലിന്യ സംസ്കരണത്തിന്റെ മറവില്‍ വന്‍ അഴിമതി നടത്തിയെന്നും മാലിന്യം തള്ളിയ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എല്‍ഡിഎഫ് ഭരണസമിതി രാജിവയ്ക്കണം എന്നുമാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തില്‍ പോലീസ് തടഞ്ഞു.
മാര്‍ച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. യുഡിഎഫ്. മുനിസിപ്പല്‍ ചെയര്മാന് നാണിക്കുട്ടി കൂമഞ്ചേരി അധ്യക്ഷത വഹിച്ചു. അഡ്വ. ഷെറി ജോര്‍ജ്, നഗരസഭാ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, എ. ഗോപിനാഥ്, ശുഹൈബ് മുത്തു, ഷിബു പാടിക്കുന്ന്, സൈഫു ഏനാന്തി, കൗണ്‍സിലര്‍മാരായ ഡെയ്സി ചാക്കോ, റസിയ അള്ളംമ്പാടം, സാലി ബിജു, കോണ്‍ഗ്രസ് നേതാവ് പട്ടിക്കാടന്‍ ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.