മഞ്ചേരി മണ്ഡലത്തിലെ പ്രവൃത്തികള്‍ വേഗമാക്കാന്‍ തീരുമാനം
1491874
Thursday, January 2, 2025 6:07 AM IST
മഞ്ചേരി: മഞ്ചേരി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ വേഗമാക്കാന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനം.
മഞ്ചേരി നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന മണ്ഡലം അവലോകന യോഗം അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. കിഫ്ബി ഫണ്ട് അനുവദിച്ച മഞ്ചേരി ഒലിപ്പുഴ റോഡ്, ചെങ്ങണ ബൈപ്പാസ്, മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ ചെരണി വരെ റോഡ്, ടെന്‍ഡര്‍ ചെയ്ത മുള്ളമ്പാറ കോണിക്കല്ല് ഇരുമ്പുഴി റോഡ്,
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മണ്ഡലത്തിലെ വിവിധ റോഡുകള്‍, മഞ്ചേരി ഫയര്‍ സ്റ്റേഷന് കെട്ടിട നിര്‍മാണം, പാണ്ടിക്കാട് റസ്റ്റ് ഹൗസ് കെട്ടിട നിര്‍മാണം, വിവിധ റോഡുകള്‍ സ്കൂള്‍ കെട്ടിടങ്ങള്‍ എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികള്‍,
വിവിധ പഞ്ചായത്തുകളിലെ ജലജീവന്‍ മിഷന് കുടിവെള്ള പദ്ധതികള്‍, അമൃത് കുടിവെള്ള പദ്ധതി, ജലജീവന്‍ മിഷന് പദ്ധതിക്ക് വേണ്ടി റോഡ് വെട്ടിപ്പൊളിച്ചത് പുനരുദ്ധാരണം നടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പുരോഗതികള്‍ യോഗം വിലയിരുത്തി.
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്കര്‍ ആമയൂര്‍, നഗരസഭ വൈസ് ചെയര്മാന് വി.പി. ഫിറോസ്, മുന്‍ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റമീസ തച്ചങ്ങോടന്‍, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയെത്തൊടി, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ആമയൂര്‍, തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ജലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.