നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ പതിരാകുന്നു
1491019
Monday, December 30, 2024 6:10 AM IST
കരുവാരകുണ്ട്: കാലം തെറ്റി പെയ്യുന്ന മഴയും കാലാവസ്ഥ മാറ്റവും കാരണം നെല്‍പ്പാടങ്ങളില്‍ കളകള്‍ പെരുകുന്നതായി കര്‍ഷകര്‍. ഇതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കയാണ്. മലയോര മേഖലയില്‍ അത്യപൂര്‍വമായാണ് നെല്‍കൃഷി കാണപ്പെടുന്നത്. നെല്‍പ്പാടങ്ങള്‍ കമുകിന് വഴിമാറിയെങ്കിലും കമുകിനെ ബാധിക്കുന്ന മഞ്ഞളിപ്പും കൂമ്പുചീയലും കാരണം കമുകിന്റെ ആദായം നിലച്ചതോടെയാണ് വീണ്ടും നെല്‍കൃഷിയെന്ന ആശയവുമായി കര്‍ഷകര്‍ രംഗത്തിറങ്ങിയത്.
എന്നാല്‍ വിതയ്ക്കുമ്പോള് തുടങ്ങുന്ന കള ശല്യവും പുഴുശല്യവും ഒഴിവാക്കാനാകാതെ കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. കാലാവസ്ഥാമാറ്റം മൂലം കൃത്യമായി വെള്ളം കെട്ടിനിര്‍ത്താന്‍ കഴിയാത്തതും കനത്തമഴ കാരണം ശരിയായ രീതിയില്‍ നെല്ല് മുളയ്ക്കാത്ത നെല്‍പ്പാടങ്ങളിലുമാണ് കളകള്‍ രൂപപ്പെട്ടത്. രണ്ടാംവിള ഞാറു നടീല്‍ നടത്തിയ പാടങ്ങളിലും വിവിധതരം കളകള്‍ മുളച്ചുവരുന്നതായി കര്‍ഷകര്‍ പറയുന്നു.
ശരിയായ അനുപാതത്തില്‍ നെല്‍പ്പാടങ്ങളില്‍ വെള്ളം നിര്‍ത്താന്‍ കഴിയാത്തതാണ് കള കൂടുതല്‍ മുളച്ചുപൊന്താന്‍ ഇടയാക്കിയതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളം കുറഞ്ഞ നെല്‍പ്പാടങ്ങളില്‍ മുളച്ചുവരുന്ന നെല്ലിന്റെ ജനിതകഘടന ഇല്ലാത്ത കളകളെ കളനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്. പൊടി രൂപത്തിലുള്ള കളനാശിനി എട്ട് ഗ്രാമിന് 150 രൂപയും ദ്രാവക രൂപത്തിലുള്ള കളനാശിനി 10 മില്ലി 250 രൂപയുമാണ് വില. പവര്‍ സ്പ്രെയറുകളും കുറ്റി പമ്പുകളും ഉപയോഗിച്ചാണ് വെള്ളം കുറഞ്ഞ നെല്‍പ്പാടങ്ങളില്‍ കളനാശിനി പ്രയോഗം നടത്തുന്നത്.
കളനാശിനി പ്രയോഗത്തിനുശേഷം ശേഷിക്കുന്ന കളകള്‍ മാത്രം പറിച്ചുനീക്കിയാല് മതിയെന്നതിനാല്‍ കളനാശിനി പ്രയോഗത്തിലൂടെ കര്‍ഷകര്‍ക്ക് കൂലി ചെലവുകളും ലാഭിക്കാനാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ചെലവ് കുറയ്ക്കുന്നതിനായി ചില കര്‍ഷകര്‍ കളനാശിനികള്ക്കൊപ്പം നീരൂറ്റി കുടിക്കുന്ന ചെറുപ്രാണികള്‍ക്കും പുഴുക്കേടിനുമുള്ള കീടനാശിനിയും തളിക്കുന്നുണ്ട്. കൃഷിനാശം മൂലം കര്‍ഷകര്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് ആനുപാതികമായി സഹായധനം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.