വ്യക്തിഗത ഗുണഭോക്തൃ പട്ടികയ്ക്ക് അംഗീകാരം നല്കി പെരിന്തല്‍മണ്ണ നഗരസഭ
1490776
Sunday, December 29, 2024 5:36 AM IST
പെരിന്തല്‍മണ്ണ: വാര്‍ഷിക (2024-25)പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമായ വ്യക്തിഗത ഗുണഭോക്തൃ പട്ടികയ്ക്ക് പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. നെല്‍കൃഷി കൂലി ചെലവ് സബ്സിഡി, വീട്ടുമുറ്റത്തെ പച്ചക്കറി കൃഷി, കറവപശുക്കള്‍ക്ക് കാലിത്തീറ്റ, പാലിന് സബ്സിഡി, പട്ടികജാതി വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ്, ഷുവര്‍ വിദ്യാഭ്യാസ പദ്ധതി, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, മുറ്റത്തൊരു മീന്‍ തോട്ടം, ഇലക്ട്രോണിക് വീല്‍ചെയര്‍, പട്ടികജാതി മിശ്ര വിവാഹ ധനസഹായം, പട്ടിക ജാതി വനിതകള്‍ക്ക് വിവാഹ ധനസഹായം എന്നീ വ്യക്തിഗത ഗുണഭോക്തൃപട്ടികയ്ക്കാണ് അംഗീകാരം നല്‍കിയത്.
പെരിന്തല്‍മണ്ണ നഗരസഭയുടെ പച്ചക്കറികൃഷി വികസനം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം രൂപ ചെലവഴിച്ച് മണ്‍ചട്ടി, തൈകള്‍ എന്നിവ വിതരണം ചെയ്യാനും തീരുമാനമായി.നഗരസഭ, മൃഗാശുപത്രിയിലേക്ക് കൗ ലിഫ്റ്റ് വാങ്ങും. രോഗബാധ മൂലമോ അല്ലാതെയോ കിടന്നുപോയ ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികിടത്താനുള്ള യന്ത്രമാണ് കൗ ലിഫ്റ്റ്. വളര്‍ത്തുമൃഗങ്ങളെ അനായാസം ചികിത്സിക്കാന്‍ കഴിയുന്ന കൗ ലിഫ്റ്റ് യന്ത്രം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകും.
24-ാം വാര്‍ഡ് കുന്നപ്പള്ളി വളയംമൂച്ചിയില്‍ അജൈവ മാലിന്യങ്ങള്‍ നിറഞ്ഞ പൊതുകിണര്‍ നികത്തുന്നതിനും സ്ഥലം ബ്യൂട്ടി സ്പോട്ടാക്കി മാറ്റാനും തീരുമാനിച്ചു.നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നതിന് വാര്‍ഡുകളില്‍ നോട്ടീസ് വിതരണം ചെയ്യുന്നതിന് കുടുംബശ്രീ മുഖേന പത്തുപേരെ നിയോഗിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായര്‍, കൗണ്‍സിലര്‍ സുനില്‍ കുമാറിന്റെ മാതാവ് കല്യാണി എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു. നഗരസഭാ അധ്യക്ഷന്‍ പി.ഷാജി അധ്യക്ഷത വഹിച്ചു.