ഭക്ഷ്യധാന്യവുമായി അങ്ങാടിപ്പുറത്ത് വൈദ്യുതി ഗുഡ്സ് ട്രെയിനെത്തി
1491517
Wednesday, January 1, 2025 4:31 AM IST
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍ നിലമ്പൂര്‍ റെയില്‍പ്പാത വൈദ്യുതീകരണം പൂര്‍ത്തിയായതോടെ പുതുവര്‍ഷതലേന്ന് വൈദ്യുതി ചരക്കുവണ്ടി ഓടി തുടങ്ങി. ഇന്നലെ രാവിലെയാണ് ഇലക്ട്രിക്കല്‍ ഗുഡ്സ് ട്രെയിനില്‍ അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിലേക്ക് ഭക്ഷ്യധാന്യം എത്തിച്ചത്.
അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിലേക്കുള്ള ഭക്ഷ്യധാന്യം ഷൊര്‍ണൂര്‍ വരെ ഇലക്ട്രിക് ട്രെയിനിലും അവിടെ നിന്ന് അങ്ങാടിപ്പുറത്തേക്ക് ഡീസല്‍ എന്ജിന് ഉപയോഗിച്ചുമാണ് ഭക്ഷ്യധാന്യങ്ങള്‍ കൊണ്ട് വന്നിരുന്നത്. രണ്ടാഴ്ചക്കുള്ളില്‍ നിലമ്പൂര്‍ ഷൊര്‍ണൂര്‍ ലൈനില്‍ പൂര്‍ണതോതില്‍ വൈദ്യുതി പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. 1973ല്‍ എഫ്സിഐ ഗോഡൗണ്‍ അങ്ങാടിപ്പുറത്ത് ആരംഭിച്ചെങ്കിലും 1975 മുതലാണ് ഭക്ഷ്യധാന്യ സംഭരണവും വിതരണവും തുടങ്ങിയത്. ആദ്യം കല്‍ക്കരി ഗൂഡ്സ് ട്രെയിനിലും പിന്നീട് ഡീസലിലും ഇന്നലെ വൈദ്യുതി ട്രെയിനിലും അരിയെത്തിയത് ചരിത്രത്തിന്റെ ഭാഗമായി. രാവിലെ പത്തരയോടെയാണ് തെലുങ്കാനയിലെ നിസാമാബാദില്‍ നിന്ന് 21 വാഗണ്‍ പച്ചരി വൈദ്യുതി ഗുഡ്സ് ട്രെയിനില്‍ അങ്ങാടിപ്പുറത്തെത്തിയത്.
27 വാഗണ്‍ അരിയാണ് ഈ ട്രെയിനില്‍ വന്നതെങ്കിലും ഇവ ഒരേ സമയം നിര്‍ത്തിയിടാനുള്ള സൗകര്യം അങ്ങാടിപ്പുറത്ത് ഇല്ലാത്തതിനാല്‍ ആറ് വാഗണുകള്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടാണ് ട്രെയിന്‍ അങ്ങാടിപ്പുറത്തെത്തിയത്.
നിലമ്പൂര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള 66 കിലോമീറ്ററാണ് വൈദ്യുതീകരിച്ചത്.1,204 തൂണുകളാണ് വൈദ്യുതിലൈന്‍ വലിക്കുന്നതിന് സ്ഥാപിച്ചത്. ഇ. കാന്റിലിവര്‍ രീതിയിലാണ് വൈദ്യുതിക്കമ്പികള്‍ കടന്നുപോകുന്നത്. വൈദ്യുതി വിതരണത്തിന് ട്രാക്ഷന്‍ സബ് സ്റ്റേഷന് മേലാറ്റൂരില്‍ നിര്‍മിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഇതിന്റെ കമ്മീഷനിംഗ് നടന്നിരുന്നു.
വാടാനാംകുര്‍ശി, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് വൈദ്യുതി സ്വിച്ചിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാത വൈദ്യുതീകരണത്തിന് 90 കോടി രൂപയാണ് ചെലവഴിച്ചത്.