മുട്ടിയേല്‍ ആനക്കുളത്ത് അനധികൃത കരിങ്കല്‍ ഖനനം
1491299
Tuesday, December 31, 2024 6:23 AM IST
നിലമ്പൂര്‍: മുട്ടിയേല്‍ ആനക്കുളത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കരിങ്കല്‍ ക്വാറിയില്‍ അനധികൃതമായി പാറ പൊട്ടിക്കല്‍ നടക്കുന്നു. കണ്ണടച്ച് റവന്യു അധികൃതര്‍. 2018 ലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേര് മരിച്ച ചെട്ടിയംപാറക്ക് മുകള്‍ ഭാഗത്താണ് നിയന്ത്രണമില്ലാതെ അനധികൃത കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്.
കുറമ്പലക്കാട് വില്ലേജില്‍ ഉള്‍പ്പെട്ടതും ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട സ്ഥലവുമാണിത്. ചെങ്കുത്തായി കിടക്കുന്ന ഈ സ്ഥലം ഏതു സമയത്തും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശമാണ്. ഇവിടെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുമ്പോഴാണ് 2018 ല്‍ ഇതിന്റെ താഴ്വാരമായ ചെട്ടിയന്‍പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ആറു പേര് മരിക്കുകയും ചെയ്തത്. ഇതേതുടര്‍ന്ന് ജിയോളജി, റവന്യു വകുപ്പുകളുടെ ഇടപെടലിനെ തുടര്‍ന്ന് ഈ ക്വാറിയുടെ പ്രവര്‍ത്തനം നിർത്തിവച്ചിരുന്നു.
ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പരിസ്ഥിതിലോല മേഖലയാണ് ഈ ഭാഗമെന്നും ജിയോളജി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെട്ടിയന്‍പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കരിങ്കല്‍ ക്വാറിക്ക് 200 മീറ്ററിന് താഴെ താമസിക്കുന്ന ആറു കുടുംബങ്ങളുടെ വീടുകളും തകര്‍ന്നിരുന്നു. ഈ വീടുകള്‍ പൂര്‍ണമായും താമസയോഗ്യമല്ലെന്നും ഏതു സമയത്തും നിലംപൊത്താമെന്നും കണ്ടതോടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കുടുംബങ്ങളെ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആറര വര്‍ഷമായിട്ടും ഇവര്‍ക്ക് ധനസഹായമൊന്നും ലഭിച്ചിട്ടില്ല.
ഈ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്നും ഇവരുടെ വീടുകളില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് ജിയോളജി വകുപ്പ് മുന്നറിയിപ്പും നല്‍കിയിരുന്നു. പരിസ്ഥിതി ലോലമായ ഈ ഭാഗത്ത് ഒരു നിര്‍മാണ പ്രവൃത്തിയും അനുവദിക്കരുതെന്ന് അതത് വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ റീബില്‍ഡ് പദ്ധതിയില്‍ ഫണ്ടില്ലെന്ന് കാരണം പറഞ്ഞ് സര്‍ക്കാര്‍ ഈ കുടുംബങ്ങള്‍ക്ക് നേരെ കണ്ണടക്കുമ്പോഴാണ് ഉരുള്‍പ്പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന ഈ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി കരിങ്കല്‍ക്വാറി പ്രവര്‍ത്തിക്കുന്നത്. നിരവധി ലോഡ് കരിങ്കല്ലുകള്‍ പുറത്തേക്ക് കൊണ്ടുപോയിട്ടും റവന്യു അധികൃതര്‍ മൗനത്തിലാണ്. റവന്യു, ജിയോളജി വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ സ്ഥലം ഉടമ കരിങ്കല്‍ ഖനനത്തിന് ധൈര്യം കാണിക്കില്ലെന്നാണ് പ്രദേശവാസികള്‍ ഉള്‍പ്പെടെ പറയുന്നത്.