പുതുവര്‍ഷാഘോഷം ലക്ഷ്യമാക്കി ലഹരിവില്‍പ്പന: നാലു പേര് പിടിയില്‍
1491869
Thursday, January 2, 2025 6:07 AM IST
പെരിന്തല്‍മണ്ണ: പുതുവത്സരാഘോഷം ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ രണ്ടിടങ്ങളിലായി നാലു പേരെ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണയിൽ നിന്ന് രണ്ട് പേരെയും പൊന്നാനിയില്‍ നിന്ന് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്.
പുതുവര്‍ഷാഘോഷം പ്രമാണിച്ച് ലഹരിക്കടത്തും വില്‍പ്പനയും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാപോലീസ് മേധാവി ആര്.വിശ്വനാഥിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ ലഹരിവില്പ്പനക്കാരുടേയും കാരിയര്മാരുടേയും വിവരങ്ങള്‍ ശേഖരിച്ച് പോലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് അങ്ങാടിപ്പുറം, പുത്തനങ്ങാടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ഒടുവില്‍ മുഹമ്മദ് ഇല്ല്യാസ് (41), ചെറുകുളമ്പ് സ്വദേശി ചക്കിപ്പറമ്പന്‍ അബ്ദുള്‍ ഫാരിസ്(29) എന്നിവരെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, സിഐ സുമേഷ് സുധാകരന് എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ ഷിജോ.സി.തങ്കച്ചനും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും അറസ്റ്റ് ചെയ്തു.
10.540 ഗ്രാം ലഹരിമരുന്ന് പിടികൂടി. അങ്ങാടിപ്പുറം, പുത്തനങ്ങാടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. മുഹമ്മദ് ഇല്യാസിന്റെ പേരില്‍ പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മങ്കട, കുറ്റ്യാടി സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.
പൊന്നാനി:വെളിയങ്കോട് ഷോപ്പുടമയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ മയക്ക് മരുന്നുമായി പൊന്നാനി പോലീസ് പിടികൂടി. രണ്ട് ദിവസം മുമ്പാണ് വെളിയങ്കോട് കട അക്രമിച്ച് ഉടമയെ ക്രൂരമായി അക്രമിച്ച് പരിക്കേല്പിച്ചത്. സംഭവത്തില്‍ പ്രതിയായ വെളിയങ്കോട് സ്വദേശി കാടു എന്നു വിളിക്കുന്ന മുഹമ്മദ് ജാസിറി (27) നെയും ഇയാളുടെ സുഹൃത്ത് എടക്കഴിയൂര്‍ സ്വദേശി വിഷ്ണുവി (27)നെയുമാണ് എംഡിഎംഎയുമായി അന്വേഷണ സംഘം പിടികൂടിയത്.
വ്യാപാരിയെ മര്‍ദിച്ചവര്‍ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വെളിയങ്കോട് ദേശീയപാതയുടെ സമീപത്ത് നിന്ന് ഇരുവരെയും മൂന്ന് ഗ്രാം എംഡിഎംഎ സഹിതം അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പൊന്നാനി സിഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ടി.ഡി. അനില്‍, ടി. വിനോദ്, ആനന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജുകുമാര്‍,
നാസര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, ആനന്ദ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.