സിപിഎം ജില്ലാ സമ്മേളനം ജനുവരി ഒന്നു മുതല്‍ താനൂരില്‍
1490778
Sunday, December 29, 2024 5:36 AM IST
മലപ്പുറം: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം ജനുവരി ഒന്നു മുതല്‍ മൂന്ന് വരെ താനൂരില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഒന്നിന് രാവിലെ 10ന് കോടിയേരി ബാലകൃഷ്ണന് നഗറില്‍ (മൂച്ചിക്കല്‍ ക്രൗണ്‍ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, എളമരം കരീം, പി. സതീദേവി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജു, എം. സ്വരാജ്, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും. ജനുവരി മൂന്നിന് സമ്മേളനത്തിന് സമാപനമായി റെഡ് വോളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടക്കും.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറില്‍ രാവിലെ 9.30ന് മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തും. ജനുവരി ഒന്നിന് ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും വൈകുന്നേരം പൊതുചര്‍ച്ചയും നടക്കും. രണ്ടാം ദിനം പൊതു ചര്‍ച്ച തുടരും. തുടര്‍ന്ന് ചര്‍ച്ചക്കുള്ള മറുപടി.
മൂന്നാംദിനം ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണം, സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കല്‍, ജില്ലാകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കല്‍ എന്നിവ നടക്കും. വൈകുന്നേരം നാലിന് താനൂര്‍ ഹാര്‍ബര്‍ പരിസരത്തു നിന്ന് ചുവപ്പ് വോളണ്ടിയര്‍ മാര്‍ച്ചും താനൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൊതുപ്രകടനവും ആരംഭിക്കും. വൈകുന്നേരം 5.30ന് സീതാറാം യെച്ചൂരി നഗറില്‍ (ചീരാന്‍ കടപ്പുറം) ആണ് പൊതുസമ്മേളനം.
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും കൊടിമരവും സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖയും 31ന് അത്ലറ്റുകള് ജാഥയായി കൊണ്ടുവരും. പാര്‍ട്ടി താനൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന ഇ. ഗോവിന്ദന്റെ വസതിയില്‍ നിന്നാണ് ദീപശിഖ ജാഥ പുറപ്പെടുക. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. ശശികുമാറാണ് ക്യാപ്റ്റന്‍. സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു റിലേ ഉദ്ഘാടനം ചെയ്യും. ഇ.കെ. ഇമ്പിച്ചിബാവയുടെ വീട്ടില്‍ നിന്നാണ് പതാക ജാഥ ആരംഭിക്കുക. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഖലിമുദ്ദീനാണ് ജാഥാ ക്യാപ്റ്റന്‍. സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയായിരുന്ന പി. പരമേശ്വരന് എമ്പ്രാന്തിരിയുടെ വസതിയില്‍ നിന്നാണ് കൊടിമരജാഥ ആരംഭിക്കുക. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയയാണ് ജാഥാ ക്യാപ്റ്റന്‍. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ ഉദ്ഘാടനംചെയ്യും.
മൂന്ന് ജാഥകളും വൈകുന്നേരം ആറിന് പൊതുസമ്മേളന നഗരിയില്‍ സംഗമിക്കും. സ്വാഗതസംഘം ചെയര്മാന് മന്ത്രി വി. അബ്ദുറഹിന്‍ പതാക ഉയര്‍ത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.പി. അനില്‍, വി. ശശികുമാര്‍, ഇ. ജയന്, പി.കെ. അബ്ദുള്ള നവാസ് എന്നിവര്‍ പങ്കെടുത്തു.