വയോജന ഗ്രാമസഭയില്‍ ഭരണസമിതിക്കെതിരേ രൂക്ഷവിമര്‍ശനം
1490777
Sunday, December 29, 2024 5:36 AM IST
നിലമ്പൂര്‍: ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ വയോജന ഗ്രാമസഭ ചേര്‍ന്നു. ഭരണ സമിതിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി അംഗങ്ങള്‍. വയോജനങ്ങളെ അവഗണിക്കുന്ന നിലപാടാണ് പഞ്ചായത്തിന്റേതെന്നാണ് വിമര്‍ശനം. വയോജന ഗ്രാമസഭ കഴിഞ്ഞ ആഴ്ച ചേര്‍ന്നിരുന്നെങ്കിലും ക്വാറം തികയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഗ്രാമസഭ ചേര്‍ന്നത്.
അകമ്പാടം വനിതാ ബാങ്ക് പരിസരത്ത് നടന്ന വയോജന ഗ്രാമ സഭയില്‍ പങ്കെടുത്തത് നൂറില്‍ താഴെ അംഗങ്ങള്‍ മാത്രം. 60 വയസിന് മുകളില്‍ പ്രായമുള്ള 2000 ത്തിലേറെ വയോജനങ്ങളുള്ള പഞ്ചായത്തിലാണ് ക്വാറം തികയാത്തതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ ഗ്രാമസഭയിലും അംഗങ്ങള്‍ പരിമിതമായത്. വയോജന ഗ്രാമസഭയില്‍ ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മനോഹരന് ഉള്‍പ്പെടെ പങ്കെടുത്തത് നാല് ഗ്രാമപഞ്ചായത്തംഗങ്ങള്‍ മാത്രം. ഏഴ് ഗ്രാമസഭകള്‍ ശനിയാഴ്ച നടക്കുന്നതിനാലാണ് മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കാത്തതെന്നാണ് അധികൃതരുടെ മറുപടി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ഒരു ജീവനക്കാരനും എത്താത്തതിലും വിമര്‍ശനം ഉയര്‍ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി 19 ലക്ഷം രൂപ നീക്കിവച്ചതായി പഞ്ചായത്തംഗങ്ങള്‍ അറിയിച്ചു. ഓരോ വകുപ്പിലും എത്ര ചെലവഴിച്ചുവെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. വയോജന ഗ്രാമസഭയുമായി ബന്ധപ്പെട്ട് അംഗങ്ങളെ അറിയിക്കുന്നതിന് നോട്ടീസ് അടിച്ചോ എന്ന ചോദ്യത്തിനും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ മറുപടി നല്‍കിയില്ല.
ഗ്രാമസഭ വിളിച്ച ശേഷം യോഗത്തില്‍ മറുപടി നല്‍കേണ്ട സെക്രട്ടറി ഉള്‍പ്പെടെ ഹാജരാകാതിരുന്നത് വയോജനങ്ങളോട് പഞ്ചായത്ത് കാണിക്കുന്ന അവഗണനയാണെന്ന് വയോജന കൂട്ടായ്മയായ ഗ്രാന്മയുടെ ഭാരവാഹിയും പ്രഥമ ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.ടി. ഉമ്മര്‍ പറഞ്ഞു.