മാലിന്യ മുക്ത നവകേരളം കാമ്പയിന്; വലിച്ചെറിയല്‍ വിരുദ്ധവാരം തുടങ്ങി
1491868
Thursday, January 2, 2025 6:07 AM IST
മലപ്പുറം: മാലിന്യമുക്തം നവകേരളം കാമ്പയിന് പരിപാടിയുടെ ഭാഗമായി ജില്ലയില്‍ മാലിന്യം വലിച്ചെറിയല്‍ വിരുദ്ധവാരാചരണം തുടങ്ങി. ജനുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് വാരാചരണം. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും വലിച്ചെറിയല്‍ മുക്ത കാമ്പയിന് പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
പൊതുനിരത്തിലും പൊതുയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വീകരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മേളകളും ഉത്സവങ്ങളും നടത്തുന്ന സ്ഥലങ്ങള്‍, ജാഥകള്‍, പൊതുപരിപാടികള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയും.
തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിലും മിനി എംസിഎഫ്കളിലും ബോട്ടില്‍ ബൂത്തുകളിലും ഭക്ഷണപദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും.
സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും മാലിന്യം വലിച്ചെറിയാതിരിക്കുന്നതിന് കളര്‍ കോഡുള്ള ബിന്നുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വിജിലന്‍സ് സ്ക്വാഡും ജില്ലാതലത്തിലുള്ള വിജിലന്‍സ് സ്ക്വാഡും പരിശോധന വ്യാപകമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് പൊതുജനപങ്കാളിത്തം വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.