സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമായി
1491873
Thursday, January 2, 2025 6:07 AM IST
താനൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് തുടക്കം. കോടിയേരി ബാലകൃഷ്ണന് നഗറില്‍ (മൂച്ചിക്കല്‍ ക്രൗണ്‍ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വിനര്‍ ഇ. ജയന് സ്വാഗതം പറഞ്ഞു. വി.പി. സാനു അധ്യക്ഷനായിരുന്നു. വി. ശശികുമാര്‍ രക്തസാക്ഷി പ്രമേയവും പി.കെ. അബ്ദുള്ള നവാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വി.പി. സാനു, കെ.പി. സുമതി, വി. രമേശന്, ജോര്‍ജ് കെ. ആന്റണി, പി. ഷബീര്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വി. ശശികുമാര്‍ കണ്‍വീനറായി പ്രമേയ കമ്മിറ്റിയും പി.കെ. അബ്ദുള്ള നവാസ് കണ്‍വീനറായ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും വി.എം. ഷൗക്കത്ത് കണ്‍വീനറായി മിനുട്സ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.
ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുചര്‍ച്ച തുടങ്ങി. ഇന്നും തുടരും. ഉദ്ഘാടന സമ്മേളത്തില്‍ മുതിര്‍ന്ന നേതാക്കളായ ടി.കെ. ഹംസ, പി.പി. വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. സൈനബ, പി. ശ്രീരാമകൃഷ്ണന്, ഇഎംഎസിന്റെ മകള്‍ ഇ.എം. രാധ എന്നിവര്‍ പങ്കെടുത്തു.
നാളെ വൈകിട്ട് നാലിന് താനൂര്‍ ഹാര്‍ബര്‍ പരിസരത്ത് നിന്ന് ചുവപ്പ് സേന മാര്‍ച്ചും താനൂര്‍ ബീച്ച് റോഡിലെ ഗ്രൗണ്ടില്‍ നിന്ന് പൊതു പ്രകടനവും ആരംഭിക്കും. വൈകിട്ട് 5.30ന് സീതാറാം യെച്ചൂരി നഗറില്‍ (ചീരാന്‍ കടപ്പുറം) പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം അകവും പുറവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. താനൂര്‍ ജംഗ്ഷനിലെ ഇ.കെ. ഇമ്പിച്ചിബാവ ഇ. ഗോവിന്ദന് നഗറില്‍ നടന്ന സെമിനാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ദിനേശന് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം പി. ശ്രീരാമകൃഷ്ണന് അധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റിയംഗം പ്രഫ. എം.എം. നാരായണന്, തിരൂരങ്ങാടി പിഎസ്എംഒ കോളജ് ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ. പി.പി. അബ്ദുറസാഖ്, സി.പി. അശോകന്, കെ. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. നാടന്‍ കലാമേളയും അരങ്ങേറി.