കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചില്ല
1491877
Thursday, January 2, 2025 6:07 AM IST
കരുവാരകുണ്ട്: നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി.
കോവിഡിന് മുമ്പ് നിലമ്പൂര്‍ കോട്ടയം എക്സ്പ്രസ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേലാറ്റൂര്‍, തൂവൂര്,പട്ടിക്കാട്, ചെറുകര ഉള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ പോലും ഈ ട്രെയിന്‍ നിര്‍ത്തുന്നില്ല.
മലയോര മേഖലയായ കരുവാരകുണ്ട്, തുവൂര്‍, മേലാറ്റൂര്‍, എപ്പിക്കാട് എന്നിവിടങ്ങളിലേയും പാണ്ടിക്കാട്, പട്ടിക്കാട്, കീഴാറ്റൂര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കും മേഖലയിലെ ഉള്‍പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും കോട്ടയം എക്സ്പ്രസില്‍ കയറിപ്പറ്റാന്‍ കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വരുന്നു.
തൊട്ടരികില്‍ റെയില്‍വേ സ്റ്റേഷന് ഉണ്ടായിരുന്നിട്ടും തുവൂര്‍, മേലാറ്റൂര്‍,പട്ടിക്കാട്, ചെറുകര ഭാഗങ്ങളിലുള്ളവര്‍ക്കും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും കോട്ടയം എക്സ്പ്രസില്‍ യാത്ര ചെയ്യണമെങ്കില്‍ ഏറെ ദൂരം സഞ്ചരിച്ച് സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍ എത്തേണ്ട സ്ഥിതിയാണ്.
നിലമ്പൂര്‍, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ കോട്ടയം എക്സ്പ്രസിന് സ്റ്റോപ്പുള്ളത്. അതേസമയം ഷൊര്‍ണൂര്‍ കഴിഞ്ഞാല്‍ ഒട്ടുമിക്ക സ്റ്റേഷനുകളിലും വണ്ടി നിര്‍ത്തുകയും ചെയ്യുന്നുണ്ട്.
മലയോര മേഖലയോടുള്ള റെയില്‍വേയുടെ അവഗണനയാണ് ഇതിന് പിന്നിലെന്നും നിലമ്പൂര്‍ ഷൊര്‍ണൂര്‍ റൂട്ടിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം വണ്ടി നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ കൈകൊള്ളണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പുതുവര്‍ഷത്തിലെങ്കിലും യാത്രക്കാരുടെ ആവശ്യം റെയില്‍വേ പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍.