പുതുവർഷത്തിൽ പ്രതീക്ഷകളോടെ മലപ്പുറം
1491515
Wednesday, January 1, 2025 4:31 AM IST
മലപ്പുറം: എല്ലാ മേഖലയിലും പുരോഗതിയാണ് പുതിയ വര്‍ഷത്തിൽ ജില്ലയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. നാടിന്റെ വികസനകാര്യത്തില്‍ കഴിഞ്ഞവര്‍ഷം ഒട്ടേറെ പദ്ധതികള്‍ നടപ്പായെങ്കിലും ഇനിയും പൂര്‍ത്തിയാകാതെ കിടക്കുന്നവ ധാരാളമുണ്ട്.
ദേശീയപാത നിര്‍മാണം സഞ്ചാരരംഗത്ത് വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമവും ഓവര്‍ലോഡ് പ്രശ്നവും പരിഹരിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നിലമ്പൂര്‍ഷൊര്‍ണൂര്‍ റെയില്‍പ്പാതയില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. രണ്ടുമാസത്തിനകം വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങും.
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.76 കോടി രൂപ ചെലവിട്ട് നവീകരണം പൂര്‍ത്തിയായിവരുന്നു. കുടിവെള്ള പ്രതിസന്ധി തരണം ചെയ്യാന്‍ മലപ്പുറം മണ്ഡലത്തില്‍ 6.87 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായിട്ടുണ്ട്. അമൃത് 2.0 സംസ്ഥാന വാട്ടര്‍ ആക്ഷന്‍ പ്ലാന്‍ മൂന്നാംഘട്ട പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി പാണക്കാട്, മേല്‍മുറി വില്ലേജുകളിലെ മിനി ശുദ്ധജല പദ്ധതികളുടെ അധിക പ്രവൃത്തിക്കാണ് തുക അനുവദിച്ചത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും മലപ്പുറം നഗരസഭയുടെയും സംയുക്തവിഹിതമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. മലപ്പുറം കഐസ്ആര്‍ടിസി ടെര്മിനിലനന്റെ നിര്‍മാണം പുതിയ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗവ. നഴ്സിംഗ് കോളജിന് ഇതുവരെ സ്വന്തം കെട്ടിടമായില്ല. 19ാം വയസില്‍ വിമാനം പറത്തി മലപ്പുറത്തിന് അഭിമാനമായ പുല്‍പ്പറ്റ സ്വദേശി മറിയം ജുമാന പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്. പുതിയ വര്‍ഷത്തില്‍ കൂടുതല്‍ സാധ്യതയാണ് മറിയം നല്‍കുന്നത്.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികസനത്തിന്റെ ഭാഗമായി റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) വിപുലീകരിക്കുന്നതിന് മണ്ണിട്ടുയര്‍ത്തുന്ന പണി തുടങ്ങി. നിലവിലുള്ള 90 മീറ്ററില്‍ നിന്ന് 240 മീറ്റര്‍ നീളത്തിലാണ് വിപുലീകരിക്കുന്നത്. 19 മാസമാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ വിമാനത്താവള അഥോറിറ്റി അനുവദിച്ചരിക്കുന്നത്. വികസനം സാധ്യമായാല്‍ കൂടുതല്‍ വിമാനം കരിപ്പൂരില്‍ നിന്ന് പറന്നുയരുമെന്നു പ്രതീക്ഷിക്കാം. കായികചരിത്രത്തില്‍ അഭിമാനകരമായ വര്‍ഷമാണ് കടന്നുപോയത്. ചരിത്രത്തിലാദ്യമായി
മലപ്പുറം സംസ്ഥാന സ്കൂള്‍ അത് ലറ്റിക്സില്‍ ചാമ്പ്യന്മാരായി. 247 പോയിന്റ് നേടിയായിരുന്നു മലപ്പുറത്തിന്റെ കുതിപ്പ്. കൂടുതല്‍ പരിശീലന സൗകര്യങ്ങള്‍ സ്കൂള്‍തലത്തില്‍ ജില്ലയില്‍ നടപ്പാക്കാന്‍ പദ്ധതി വേണം.
അതുപോലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം നവീകരണവും നടപ്പാക്കേണ്ടതുണ്ട്.
മലയോര മേഖലയായ നിലമ്പൂരില്‍ 2016ല്‍ നിര്‍മാണോദ്ഘാടനം നടത്തിയ നിലമ്പൂര്‍ ബൈപ്പാസ് ഒന്നും ആകാത്ത അവസ്ഥയിലാണ് ഇന്നും. നിലമ്പൂര്‍ ജ്യോതിപ്പടി മുതല്‍ ചക്കാലക്കുത്ത് വരെയുള്ള ഭൂമി ഏറ്റെടുക്കാനേ് കഴിഞ്ഞിട്ടുള്ളൂ. ചക്കാലക്കുത്ത് മുതല്‍ വെളിയംതോട് വരെയുള്ള ഭൂമി ഏറ്റെടുക്കല്‍ പോലും നടന്നിട്ടില്ല. 2026ല്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ 2025 ല്‍ ബൈപ്പാസ് പൂര്‍ത്തികരിക്കാന്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗം എന്ന ആവശ്യവും കടലാസിലാണ്. ജില്ലാ ആശുപത്രിയുടെ അടിസ്ഥാന വികസനത്തിന് നിലമ്പൂര്‍
ഗവ. മോഡല്‍ യുപി സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കുന്നതിന് സമ്മതം അറിയിച്ച് നിലമ്പൂര്‍ നഗരസഭ പ്രമേയം പാസാക്കി വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ക്ക് കൈമാറിയിട്ടും നടപടിയില്ല. ചന്തക്കുന്നിലെ നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിട നിര്‍മാണം എങ്ങുമെത്തിയില്ല. നിലമ്പൂര്‍ താലൂക്ക് പരിധിയില്‍ 2018ല്‍ പ്രളയ ദുരന്തത്തില്‍ ധനസഹായത്തിന് അര്‍ഹരായ സര്‍ക്കാര്‍ കണ്ടെത്തിയ പലര്‍ക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നിലമ്പൂര്‍ മേഖലയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട വനം വകുപ്പ് 2025ലെങ്കിലും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷ നല്‍കിയാണ് പുതുവത്സരത്തിലേക്ക് കടക്കുന്നത്. നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷമായിട്ടും ഇവിടേക്കുള്ള റോഡ് നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
വന്യജീവി ഭീഷണിയാണ് മലയോര കര്‍ഷകരെ ഏറെ ആശങ്കപ്പെടുത്തുന്നത്. വന്യമൃഗ ആക്രമണത്തില്‍ ദിനേന മനുഷ്യ ജീവന് പൊലിയുന്ന കാഴ്ചയാണ് കേരളത്തില്‍ കേട്ടുകൊണ്ടിരിക്കുന്നത്. വന്യ ജീവികള്‍ക്കാണ് അധികാരികള്‍ മനുഷ്യ ജീവനേക്കാള്‍ വിലനല്കുന്നതെന്ന വേദനയാണ് മലയോര കര്‍ഷകര്‍ പങ്കുവയ്ക്കുന്നത്.
മനുഷ്യജീവന് പുറമേ തൊഴിലാളികള്‍ക്ക് അമിതകൂലി നല്‍കിയും വിപരീത കാലാവസ്ഥയിലും മറ്റും കൃഷി ചെയ്യുന്ന നാണ്യവിളകള്‍ അടക്കമുള്ള കാര്‍ഷിക വിളകള്‍ കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും വാനരപടയുമെല്ലാം നിമിഷ നേരം കൊണ്ടാണ് നാശം വരുത്തുന്നത്. ഇക്കാര്യങ്ങളെല്ലാം അധികൃതരുടെ പക്കല്‍ പരാതിപ്പെട്ടാല്‍ പോലും കര്‍ഷകരോട് അനുഭാവപൂര്‍വമായ സമീപനം ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. സംസ്ഥാനത്തു തന്നെ കാട്ടുപോത്ത് വീട്ടുമുറ്റത്തെത്തി മനുഷ്യ ജീവന് അപായപ്പെടുത്തിയതും കരുവാരക്കുണ്ടിലാണ്. വന്യ ജീവികള്‍ കൃഷിയിടത്തില്‍ പ്രവേശിക്കാതിരിക്കാനുള്ള പദ്ധതികള്‍ 2025 സര്‍ക്കാര്‍ നടപ്പാക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മലയോര ജനത. കാലിക്കട്ട്് സര്‍വകലാശാലയില്‍ പുതുവത്സര സമ്മാനമായി 30 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുക.
മഞ്ചേരി മെഡിക്കല്‍ കോളജ് വികസനം, ജില്ലയിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ വികസനംഎന്നിവയും നടപ്പാക്കുമെന്നാണ് പ്രതീക്ഷ.