റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗം: ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന്
1490768
Sunday, December 29, 2024 5:36 AM IST
മലപ്പുറം: ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമമാക്കുമെന്നും ജനപ്രതിനിധികള്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ പരിശോധിച്ച് അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു. റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് എംഎല്‍എമാര്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പി. ഉബൈദുള്ള എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കളക്ടറുടെ പ്രതികരണം. ഫണ്ടില്‍ നിന്ന് ഇതിനകം ഒമ്പത് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്കുള്ള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡായ യുഡിഐഡി ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് കുറുക്കോളി മൊയ്തീന് എംഎല്‍എ ആവശ്യപ്പെട്ടു. ആയിരത്തിലധികം അപേക്ഷകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും കാര്‍ഡ് ലഭ്യമാകാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തടസപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നടപടികള്‍ വൈകിയിരുന്നുവെന്നും ഇപ്പോള്‍ കൃത്യമായി മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ടെന്നും അത്യാവശ്യക്കാര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ദേശീയപാതയില്‍ പുത്തനത്താണിക്കും വെട്ടിച്ചിറക്കും ഇടയില്‍ കരിപ്പോളില്‍ വീടുകളിലേക്ക് മഴവെള്ളം കുത്തിയൊലിക്കുന്നതിന് പരിഹാരം കാണല്‍, തിരുനാവായ കല്പകഞ്ചേരി റോഡ്, തിരൂര്‍ കുട്ടികളത്താണി റോഡ് വികസനം തുടങ്ങിയ വിഷയങ്ങളും എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു.
എല്ലാ വകുപ്പുകളും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും റാങ്ക് പട്ടികയില്ലെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്നും പി. ഉബൈദുള്ള എംഎല്‍എ ആവശ്യപ്പെട്ടു.
എയ്ഡഡ് സ്കൂള്‍ അധ്യാപരുടെ അംഗീകാരം വൈകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ സമയബന്ധിതമായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികള്‍ വേഗത്തിലാക്കാനും എല്ലാ ഓഫീസ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.