വെണ്ടേക്കുംപൊയിലില്‍ കുന്നിടിച്ച് റോഡ്
1490614
Saturday, December 28, 2024 7:32 AM IST
നിലമ്പൂർ: വെണ്ടേക്കുംപൊയിലില്‍ കുന്നിടിച്ച് റോഡ് നിര്‍മാണം നടത്തുന്ന സംഭവത്തില്‍ നടപടിക്കൊരുങ്ങി റവന്യൂ അധികൃതർ. സ്ഥലം ഉടമക്ക് പുള്ളിപ്പാടം വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കി. വില്ലേജ് ഓഫീസര്‍ എത്തുംമുമ്പ് സ്ഥലം ഉടമ മണ്ണുമാന്തി യന്ത്രം മാറ്റി.
ചുങ്കത്തറ സ്വദേശിയുടെ സ്ഥലം വിലക്ക് വാങ്ങിയ മലപ്പുറം സ്വദേശിയാണ് കോഴിഫാം തുടങ്ങാനെന്ന പേരില്‍ 50 അടിയിലേറെ കുത്തനെ കിടക്കുന്ന സ്ഥലത്ത് അനധികൃതമായി റോഡ് നിര്‍മിക്കുന്നത്. അനധികൃത റോഡ് നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടതോടെ പുള്ളിപ്പാടം വില്ലേജ് ഓഫീസര്‍ ബീന സ്ഥലത്തെത്തി സ്ഥലം ഉടമയോടെ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോയും നല്കി. നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.
റവന്യു, ജിയോളജി വകുപ്പുകളുടെ അനുമതി വാങ്ങാതെയാണ് സ്വകാര്യവ്യക്തി മണ്ണിടിച്ചില്‍ സാധ്യതയേറെയുള്ള ഭൂമി ഇടിച്ചു നിരത്തുന്നത്. ജിയോളജി, റവന്യൂ അധികൃതരുടെ അനുമതി ഉണ്ടെന്ന് പറഞ്ഞാണ് മേഖലയില്‍ വ്യാപകമായി കുന്നുകള്‍ ഇടിച്ചു നിരത്തി മണ്ണ് കടത്തുന്നതും റോഡ് നിര്‍മിക്കുന്നതും. നിര്‍ദിഷ്ട നിലമ്പൂര്നായാടംപൊയില് മലയോര ഹൈവേയോട് ചേര്‍ന്നാണ് മണ്ണിടിക്കല്‍. 2018 ലെ പ്രളയത്തില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി രണ്ട് മാസത്തിലേറെ ഗതാഗതം തടസപ്പെട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ കിടക്കുന്ന മാണിക്യന്മുടിയുടെ താഴ് വാരമായ ഈ പ്രദേശത്താണ് കുന്നിടിക്കല്‍ നടക്കുന്നത്.
പുള്ളിപ്പാടം വില്ലേജില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. അതിനാല്‍ റവന്യൂ അധികൃതര്‍ എത്തിചേരാനുള്ള പ്രയാസം മുതലെടുക്കുകയാണ് ഭൂമാഫിയകള്‍. കുറഞ്ഞ വിലക്ക് വാങ്ങുന്ന ഭൂമി മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ഇടിച്ചു നിരത്തിയ ശേഷം രണ്ടും മൂന്നും ഇരട്ടി വിലക്കാണ് മറിച്ചു വില്‍ക്കുന്നത്.
പുള്ളിപ്പാടം വില്ലേജ് പരിധിയിലെ ഈ ഭാഗങ്ങളിലെ അനധികൃതമായി നടക്കുന്ന പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. എസ് വളവ് മുതല്‍ വെണ്ടേക്കുംപൊയില്‍ വരെയുള്ള പ്രദേശങ്ങളിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിയന്ത്രണങ്ങളില്ലാതെ കുന്നിടിക്കുന്നത്. 12ാം ബ്ലോക്ക് മുതല്‍ 14ാം ബ്ലോക്ക് വരെയുള്ള ഭാഗങ്ങളിലാണ് ഏറ്റവും അധികം കുന്നിടിക്കല്‍ നടന്നിട്ടുള്ളത്.
നിര്‍മാണം; നടപടിയുമായി റവന്യു അധികൃതര്‍