ജനവാസ കേന്ദ്രത്തില്‍ പുലിയുടെ സാന്നിധ്യം; വളര്‍ത്തുമൃഗത്തെ പിടികൂടി
1490613
Saturday, December 28, 2024 7:32 AM IST
കരുവാരകുണ്ട്: ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കേരള ചിലമ്പിലക്കൈയില് പുലിയെ കണ്ടതായി നാട്ടുകാര്‍. തേക്കിന്‍കാട്ട് അയ്യപ്പന്റെ വീട്ടിലെ പട്ടിയെ പുലി പിടിക്കാനുള്ള ശ്രമവും നടന്നു.
പട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഏതാനും വര്‍ഷം മുമ്പ് അയ്യപ്പന്റെ വീട്ടില്‍ സ്ഥാപിച്ച സിസി ടിവിയില്‍ പുലിയുടേതെന്നു തോന്നിക്കുന്ന ജീവിയുടെ ചിത്രം പതിഞ്ഞിരുന്നു. ചിലമ്പിലക്കൈ ഭാഗത്ത് തെരുവുനായ്ക്കളുടെ എണ്ണത്തിലും കുറവുണ്ട്. ഇതിനടുത്ത കേരള എസ്റ്റേറ്റ് മേഖലയില്‍ പുലികളെ തൊഴിലാളികള്‍ നേരത്തെ കണ്ടിരുന്നു. നിരവധി ആടുകളെയും വളര്‍ത്തുനായ്ക്കളെയും പുലികള്‍ ഇരയാക്കിയിട്ടുമുണ്ട്. വലുതും ചെറുതുമായ പുലികളുടെ കാല്പാടുകളും കൃഷിയിടങ്ങളില്‍ കാണാറുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
വനം വകുപ്പധികൃതരോട് ഇക്കാര്യം ചൂണ്ടി കാണിച്ചാലും പ്രയോജനമില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കൃഷിയിടങ്ങളില്‍ കാവലിനായി ഉപയോഗിക്കുന്ന നായ്ക്കളെ രാത്രിയില്‍ പുലി വകവരുത്താറുണ്ടെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. വന്യജീവികളില്‍ നിന്നു കൃഷികളെ സംരക്ഷിക്കാന്‍ പരിശീലനം ലഭിച്ച നായ്ക്കളെ പുലി വകവരുത്തിയതായും അവയുടെ ശരീരാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
കല്കുണ്ട് മഞ്ഞളാംചോല, ആര്‍ത്തല ഭാഗങ്ങളിലും പുലി സാന്നിധ്യമുള്ളതായി തൊഴിലാളികള്‍ പറയുന്നു. കല്കുണ്ട് മഞ്ഞളാംചോല ഭാഗത്തു നിന്ന് എളുപ്പത്തില്‍ കേരള എസ്റ്റേറ്റ് ഭാഗങ്ങളിലേക്ക് പുലികള്‍ക്ക് കടന്നെത്താം.
പുലിക്കു പുറമേ കടുവയുടെ സാന്നിധ്യവും ഇവിടെയുണ്ട്. കാട്ടുപന്നിയെയാണ് കടുവ ഇരയാക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. കേരള എസ്റ്റേറ്റ് ഭാഗങ്ങളില്‍ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിലും കല്ലം പുഴയോരത്തും കാട്ടുചോല ഭാഗങ്ങളിലും കാണപ്പെടുന്ന മടകളിലും ഗുഹകളിലുമാണ് ഇവയുടെ വാസം. വന്യജീവികളെ ഭയന്ന് മലയോരത്ത് ഏക്കര്‍ക്കണക്കിന് സ്ഥലം കൃഷി ചെയ്യാനാകാതെ കാടുമൂടി കിടക്കുന്നുണ്ട്. ഇവിടങ്ങളിലും അപകടകാരികളായ വന്യജീവികള്‍ സുരക്ഷിതമായി കഴിയുന്നുണ്ടത്രേ.