എണ്‍പതാം വയസിലും റേഡിയോ കൈവിടാതെ അപ്പച്ചന് ചേട്ടന്...
1490610
Saturday, December 28, 2024 7:32 AM IST
നിലമ്പൂർ: അപ്പച്ചന് ചേട്ടന് റേഡിയോ ജീവിതത്തിന്റെ ഭാഗമായിട്ട് 60 വര്‍ഷം. കഴിഞ്ഞ ആറ് പതിറ്റാണ്ടായി അപ്പച്ചന് ചേട്ടന് റേഡിയോ ജീവിതത്തിന്റെ ഭാഗമാണ്. മണിമൂളിയിലെ പാലാട് സ്വദേശിയായ കല്ലാനിയില്‍ അപ്പച്ചന് ചേട്ടന് റേഡിയോയുമായുള്ള ആത്മബന്ധം വലുതാണ്.
ടെലിവിഷനും സോഷ്യല്‍ മീഡിയയും സജീവമായ കാലത്ത് അപ്പച്ചന് ചേട്ടന് വാര്‍ത്തകള്‍ അറിയുന്നതും കേള്‍ക്കുന്നതും റേഡിയോയിലൂടെ മാത്രം. എന്താ വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്തതെന്ന് ചോദിച്ചാല്‍ റേഡിയോ ഉള്ളപ്പോള്‍ എന്തിനാണ് ടെലിവിഷന്‍ എന്നാണ് അപ്പച്ചന് ചേട്ടന്റെ മറുചോദ്യം. ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയാല്‍ കേള്‍ക്കുന്നത് റേഡിയോ വാര്‍ത്തകളും ചലച്ചിത്ര ഗാനങ്ങളുമാണ്.
മുമ്പൊക്കെ മലയാളികള്‍ വാര്‍ത്തകള്‍ അറിഞ്ഞിരുന്നതും ചലച്ചിത്രഗാനങ്ങള്‍, നാടകങ്ങള്‍ എന്നിവയെല്ലാം കേട്ടിരുന്നതും റേഡിയോയിലൂടെയായിരുന്നുവെന്ന് അപ്പച്ചന് ചേട്ടന് പറയുന്നു. രാവിലെ 6.50 ന്റെ പ്രാദേശിക വാര്‍ത്തകളും 7.25 ന് ഡല്‍ഹിയില്‍ നിന്നുള്ള മലയാള വാര്‍ത്തകളും കേട്ട ശേഷമാണ് അപ്പച്ചന് ചേട്ടന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ഉച്ചക്ക് 12.30നും വൈകുന്നേരം 6.15 നും പ്രാദേശിക വാര്‍ത്തകളും ഉച്ചക്ക് 12.50നും രാത്രി 7.25 നും ഡല്‍ഹിയില്‍ നിന്നുള്ള മലയാള വാര്‍ത്തകളും കേട്ട ശേഷമേ കിടക്കാറുള്ളൂ. ലളിതഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും ഏറെ ഇഷ്ടമാണെന്നും അപ്പച്ചന് ചേട്ടന് പറഞ്ഞു.
പ്രായം എണ്‍പതായി അപ്പച്ചന് ചേട്ടന്. കൃഷിയിടത്തിലേക്ക് ഇറങ്ങുമ്പോഴും കൈവശം റേഡിയോ ഉണ്ടാകുമെന്ന് കര്‍ഷകനായ ഇദ്ദേഹം പറയുന്നു. റേഡിയോ കേട്ട് കൃഷിയിടത്തില്‍ പണി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം ചെറുതല്ല. 19-ാം വയസിലാണ് അപ്പച്ചന് ചേട്ടന് ഫിലിപ്സ് കമ്പനിയുടെ റേഡിയോ വാങ്ങിയത്. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി. പഴയ റേഡിയോ ശ്രോതക്കള്‍ ടെലിവിഷനിലേക്ക് മാറിയെങ്കിലും ആകാശവാണി കോഴിക്കോട്...
എന്ന ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും കഴിച്ചുകൂടാന്‍ തനിക്ക് ആകില്ലെന്ന് അപ്പച്ചന് ചേട്ടന് പറഞ്ഞു.
റേഡിയോകള്‍ പലതും മാറി മാറി വാങ്ങിയതല്ലാതെ അപ്പച്ചന് ചേട്ടന്റെ വീട്ടില്‍ നിന്ന് റേഡിയോ പടിയിറങ്ങിയില്ല. ഒരു കാലത്ത് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു റേഡിയോകള്‍. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം റേഡിയോ ഇടം പിടിച്ചിരുന്നു.
തോമസ്കുട്ടി ചാലിയാര്‍