മഞ്ചേരി ജനറല്‍ ആശുപത്രി: നഗരസഭാ മുന്‍ അധ്യക്ഷന്‍ പരാതി നല്കി
1490602
Saturday, December 28, 2024 7:32 AM IST
മഞ്ചേരി: മഞ്ചേരി ജനറല്‍ ആശുപത്രി സംബന്ധിച്ച വിവാദങ്ങളും പ്രതിഷേധങ്ങളും കൊഴുക്കുന്നതിനിടെ ആശുപത്രി നഗരസഭകളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ മുന്‍ അധ്യക്ഷന്‍ അസൈന്‍ കാരാട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.
മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിതമായതോടെ നിലവിലുണ്ടായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ജനറല്‍ ആശുപത്രിയുടെ നിലനില്‍പ്പ് സംബന്ധിച്ച് ഏറെ ആശങ്കകള്‍ നിലനിന്നിരുന്നു. ഈ സമയത്താണ് സംസ്ഥാനത്തെ 15 ഗവണ്മെന്റ് ജനറല്‍ ആശുപത്രികളുടെ നിയന്ത്രണാധികാരം അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കി സര്‍ക്കാര്‍ ഉത്തരവായത്. 2016 ഓഗസ്റ്റ് 17ന് ഇറങ്ങിയ ഉത്തരവ് അഞ്ച് വര്‍ഷത്തോളം കൗണ്‍സിലില്‍ ചര്‍ച്ചക്ക് വന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇടതുപക്ഷ കൗണ്‍സിലര്‍മാരും സാമൂഹ്യ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതിന്റെയും സമരം നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ 2021 ജൂണ്‍ 14ന് വിഷയം കൗണ്‍സിലില്‍ ചര്‍ച്ചക്കെടുത്തു. എന്നാല്‍ ജനറല്‍ ആശുപത്രി നടത്തിപ്പ് സംബന്ധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ രേഖാമൂലം കൗണ്‍സിലില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ല. ഗവണ്മെന്റ് ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ നിലനിര്‍ത്തണമെന്ന് പ്രമേയം പാസാക്കി പിരിയുകയാണുണ്ടായത്. മഞ്ചേരിയോടൊപ്പം ഭരണനിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച മറ്റ് 14 ജനറല്‍ ആശുപത്രികളും നല്ല രീതിയില്‍ നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
50 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ ഏക മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യ പരിരക്ഷയും ചികിത്സയും പരിമിതമാണ്. ഈ സാഹചര്യത്തില്‍ ജനറല്‍ ആശുപത്രിയുടെ ഭരണ നിയന്ത്രണം ലഭ്യമായി എട്ട് വര്‍ഷക്കാലം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആരോഗ്യപരിരക്ഷയും ചികിത്സയും നിഷേധിച്ച കുറ്റകരമായ നിലപാടാണ് നഗരസഭ സ്വീകരിച്ചിട്ടുള്ളതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും മനുഷ്യാവകാശ ലംഘനവുമാണെന്നും പരാതിയില്‍ പറയുന്നു. ഈ മനുഷ്യാവകാശ ലംഘനത്തിന് ഉത്തരവാദികളായ നഗരസഭ ഭരണക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.