ജില്ല മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കണമെന്ന് നഗരസഭാ പ്രമേയം
1489638
Tuesday, December 24, 2024 5:53 AM IST
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ജില്ലയിലെ ഇതര ആശുപത്രികളിലേക്ക് പുനര്‍വിന്യസിക്കാനുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കണമെന്ന് മഞ്ചേരി നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആരോഗ്യസ്ഥിരംസമിതി ചെയര്മാന് റഹീം പുതുക്കൊള്ളിയാണ് പ്രമേയം അവതരിപ്പിച്ചത്. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സി. സക്കീന പിന്താങ്ങി. ജീവനക്കാരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി ഘട്ടംഘട്ടമായി ജനറല്‍ ആശുപത്രിയെ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ തന്നെ നിലനിര്‍ത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഐക്യകണ്ഠേന പ്രമേയം അംഗീകരിച്ചു. സൗന്ദര്യവത്കരണം നടത്തി നഗരസഭ ഹരിത അങ്ങാടിയാക്കി മാറ്റിയ മുട്ടിപ്പാലത്ത് വെല്‍ക്കം ബോര്‍ഡ് സ്ഥാപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പ്രദേശത്തെ നടപ്പാതകളില്‍ ജനകീയ പങ്കാളിത്തത്തോടെ ചെടിച്ചട്ടികള്‍ സ്ഥാപിച്ച് മനോഹരമാക്കിയിരുന്നു. നഗരസഭക്ക് ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭ്യമാക്കുന്നതിന് റിക്കാര്‍ഡ് റൂം സജ്ജീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ലഭിച്ച ക്വട്ടേഷന്‍ അംഗീകരിച്ചു.
ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, സി. സക്കീന, എന്‍.എം. എല്‍സി, എന്‍.കെ. ഖൈറുന്നീസ, കൗണ്‍സിലര്‍മാരായ കണ്ണിയന്‍ അബൂബക്കര്‍, ടി.എം. നാസര്‍, ഹുസൈന് മേച്ചേരി, അഡ്വ. ബീന ജോസഫ്, അഷ്റഫ് കാക്കേങ്ങല്‍, മരുന്നന്‍ സാജിദ് ബാബു, എ.വി. സുലൈമാന്‍, അഡ്വ. പ്രേമ രാജീവ്, സി.പി. അബ്ദുള്‍കരീം എന്നിവര്‍ പ്രസംഗിച്ചു.