അങ്ങാടിപ്പുറം പഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു
1489357
Monday, December 23, 2024 2:55 AM IST
അങ്ങാടിപ്പുറം: 2024-25 സംരംഭക വര്‍ഷം 3.0 ന്റെ ഭാഗമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തും പെരിന്തല്‍മണ്ണ താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംരംഭകസഭ അങ്ങാടിപ്പുറം എം.പി നാരായണമേനോന് മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ചു. 76 സംരംഭകര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ ഉദ്ഘാടനം ചെയ്തു. അംഗം ശിഹാബുദീന് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് ഇഡിഇ പി. മൃദുല്‍ രവി, ഉപജില്ലാ വ്യവസായ ഓഫീസര്‍ എ. സുനില്‍, വിവിധ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ശ്രീനിവാസ്, അഷ്കര്‍ അലി, രവി, സ്മിത എന്നിവര്‍ പ്രസംഗിച്ചു.
കനറാ ബാങ്ക്, എച്ച്ഡിഎഫ്സി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍ പരിപാടിയില്‍ സ്കീമുകള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ വച്ച് 16 ലോണ്‍ അപേക്ഷകളിലായി 98.7 ലക്ഷം രൂപയുടെ വായ്പയും 10 വിവിധ ഏജന്‍സികളുടെ ലൈസന്‍സുകളും അനുവദിച്ചു. മികച്ച സംരംഭത്തിനുള്ള അവാര്‍ഡ്, നൂതന ആശയത്തിനുള്ള അവാര്‍ഡ്, ബെസ്റ്റ് എമര്‍ജിംഗ് എന്റര്‍പ്രൈസസ്, മികച്ച വനിതാ സംരംഭക എന്നീ വിഭാഗങ്ങളില്‍ പ്രദേശത്തെ സംരംഭങ്ങളായ നാലകത്ത് ഗ്രൂപ്പ്, എംഡിഎസ് ഡെന്റല്‍ ലാബ്, ക്രിസ്റ്റല്‍ ഗ്രൂപ്പ്, മിനാ ബോട്ടിക്ക് എന്നിവര്‍ സമ്മാനത്തിന് അര്‍ഹരായി.
വിവിധ രജിസ്ട്രേഷനുകള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്ക് സേവനവും ഉണ്ടായിരുന്നു. ലെന്‍സ്ഫെഡ് പ്രതിനിധി ഉണ്ണികൃഷ്ണന് വിഷയാവതരണം നടത്തി. ചടങ്ങില്‍ സംരംഭകരില്‍ നിന്നും സര്‍ക്കാരിന്റെ നയങ്ങള്‍ രൂപീകരിക്കുന്നതിനുള്ള അഭിപ്രായ ശേഖരണം നടത്തി. താഴെക്കോട് ഗ്രാമപഞ്ചായത്ത് ഇഡിഇ റെനീഷ് ബാബു നന്ദി പറഞ്ഞു.